\
സീയൂൾ: ഉത്തരകൊറിയയ്ക്കു മറുപടിയുമായി വൻ സൈനിക പരേഡ് നടത്തി ദക്ഷിണകൊറിയ. സായുധസേനാ ദിനമായ ഇന്നലെ 7,000 സൈനികർ പങ്കെടുത്ത പരേഡാണു നടത്തിയത്. പോർവിമാനങ്ങളും ടാങ്കുകളും മിസൈലുകളും അടക്കം 340 യുദ്ധോപകരണങ്ങളും പ്രദർശിപ്പിച്ചു.
പത്തുവർഷത്തിനു ശേഷമാണ് ദക്ഷിണകൊറിയ ഇത്രയും വലിയ സൈനിക പരേഡ് നടത്തുന്നത്. സായുധസേനാദിനത്തിൽ കാര്യമായ പരിപാടികൾ നടത്താറില്ലാത്തതാണ്.
ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ നടത്തി പ്രകോപനം തുടരുന്ന പശ്ചാത്തലത്തിലാണു ദക്ഷിണകൊറിയ തങ്ങളുടെ ആയുധശേഖരം പുറത്തെടുത്ത് ശക്തി പ്രദർശിപ്പിച്ചത്.
സീയൂളിൽ നടന്ന പരേഡിൽ അമേരിക്കൻ സൈനികരും പങ്കെടുത്തു. എഫ്-35 യുദ്ധവിമാനങ്ങൾ, ദക്ഷിണകൊറിയ സ്വന്തമായി വികസിപ്പിച്ച കെഎഫ്-21 യുദ്ധവിമാനം, പുതിയതരം മിസൈലുകൾ മുതലായവയും പ്രദർശിപ്പിച്ചു.
അണ്വായുധം പ്രയോഗിച്ചാൽ ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ അവസാനമായിരിക്കുമെന്നു ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സുക് ഇയോൾ മുന്നറിയിപ്പു നല്കി.
അതേസമയം, ഉത്തരകൊറിയയാകട്ടെ എല്ലാ വർഷവും തങ്ങളുടെ മിസൈലുകൾ പ്രദർശിപ്പിച്ച് വൻ സൈനിക പരേഡ് നടത്താറുള്ളതാണ്.