കൊച്ചി: കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഡല്‍ഹി സ്വദേശികളായ ദമ്പതികളില്‍നിന്ന് അഞ്ചു ലക്ഷം രൂപ എറണാകുളം നോര്‍ത്ത് പോലീസ് ആവശ്യപ്പെട്ട സംഭവത്തില്‍ തങ്ങളുടെ മകള്‍ ഗര്ഭിണിയല്ലെന്നു പെണ്‍കുട്ടിയുടെ അമ്മ.
തങ്ങളില്‍നിന്നു പണം വാങ്ങാനായി എറണാകുളം നോര്‍ത്ത് പോലീസ് ഡല്‍ഹിയില്‍ വച്ചു ഡോക്ടറെ സ്വാധീനിച്ച് വ്യാജരേഖ ചമച്ചു പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു വരുത്തി തീര്‍ക്കുകയായിരുന്നുവെന്നു പെണ്‍കുട്ടിയുടെ അമ്മ “ദീപിക ഡോട്ട്കോമി’നോടു പറഞ്ഞു.
ഡോക്ടറെ സ്വാധീനിച്ചു!
നോര്‍ത്ത് സ്റ്റേഷനിലെ മുന്‍ സിഐയും പോലീസുകാരും ഒരു വനിത എസ്ഐയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ അമ്മ ആരോപിക്കുന്നത്. രണ്ടു പെണ്മക്കളെയും താന്‍ വ്യാഴാഴ്ച നേരില്‍ കണ്ടുവെന്നും ഗര്ഭിണിയല്ലെന്നു മൂത്ത മകള്‍ ആവര്‍ത്തിച്ചു പറഞ്ഞുവെന്നും അമ്മ പറയുന്നു.
സ്റ്റേറ്റ്മെന്റ് എടുക്കാന്‍ എന്നു പറഞ്ഞ് പോലീസ് നിരന്തരം വീട്ടിലെത്തി തങ്ങളെ ദ്രോഹിക്കുകയാണെന്നു പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. തങ്ങള്‍ക്കു പറയാനുള്ള കാര്യങ്ങളൊന്നും പോലീസ് കേള്‍ക്കുന്നില്ലെന്നും പോലീസുകാരുടെ ചോദ്യങ്ങള്‍ക്കു മാത്രമാണ് പ്രസക്തിയെന്നും കുടുംബം ആരോപിച്ചു.
തങ്ങള്‍ എല്ലാ കാര്യവും മുമ്പ് പോലീസിനോടു പറഞ്ഞിട്ടുള്ളതാണെന്നും ഇങ്ങനെ ശല്യം ചെയ്യരുതുമെന്നും കുടുംബം പറയുന്നു. എറണാകുളം നോര്‍ത്ത് പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഇവരുടെ ആവശ്യം.
സംഭവം ഇങ്ങനെ
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി എറണാകുളം പച്ചാളത്ത് താമസിക്കുന്ന ഡല്‍ഹി സ്വദേശികളുടെ രണ്ടു പെണ്മക്കള് നാടുവിട്ടത് ഓഗസ്റ്റ് മാസത്തിലായിരുന്നു. 35,000 രൂപയുമായിട്ടായിരുന്നു പെണ്‍കുട്ടികള്‍ പോയത്. മാതാപിതാക്കള്‍ ഉടന്‍ തന്നെ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ഇരുവരും തീവണ്ടിയില്‍ ഡല്‍ഹിക്കു പോയിട്ടുണ്ടെന്നും മാതാപിതാക്കള്‍ വിമാനമാര്‍ഗം ഡല്‍ഹിയിലെത്തി അന്വേഷിക്കാനുമായിരുന്നു പോലീസിന്റെ ആദ്യ നിര്‍ദേശം. ഡല്‍ഹി, ഹരിയാന പോലീസിന്റെ സഹായത്തോടെ മാതാപിതാക്കള്‍ പലയിടത്തും കയറിയിറങ്ങി. അപ്പോഴും കൊച്ചി സിറ്റി പോലീസ് ഫോണ്‍ ലൊക്കേഷന്‍ എടുത്തു നല്‍കുക മാത്രമാണ് ചെയ്തത്.
മാതാപിതാക്കളുടെ നിസഹായാവസ്ഥ തിരിച്ചറിഞ്ഞ ഡല്‍ഹി പോലീസ് നോര്‍ത്ത് പോലീസിനോട് കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പോലീസിനു വേണ്ടിയുള്ള വിമാനടിക്കറ്റും താമസവും അടക്കമുള്ള എല്ലാ ചെലവും മാതാപിതാക്കളാണ് വഹിച്ചത്.
ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി സ്വദേശികളായ ഫൈസാനിന്റെയും സുബൈറിന്റെയും ഒപ്പം പെണ്‍കുട്ടികളെ കണ്ടെത്തി. ഇവര്‍ മൂത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും കണ്ടെത്തിയിരുന്നു. കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ ഡല്‍ഹി പോലീസ് നിര്‍ദേശിച്ചു.
ഒരു പ്രതി മാത്രം
രണ്ടു പ്രതികളില്‍ സുബൈറിനെ മാത്രം കസ്റ്റഡിയിലെടുത്തു പെണ്‍കുട്ടികളുമായി എറണാകുളം നോര്‍ത്ത് പോലീസ് കൊച്ചിക്കു പോന്നു. എന്നാല്‍, മക്കളെ വിട്ടുനല്‍കാന്‍ പോലീസ് തയാറായില്ലെന്ന് ആ മാതാപിതാക്കള്‍ പറയുന്നു. പെണ്‍കുട്ടിയെ സുബൈറിനു വിവാഹം കഴിപ്പിച്ചു കൊടുക്കണമെന്ന് ആരോപണ വിധേയനായ എഎസ്ഐ ആവശ്യപ്പെട്ടതായി പറയുന്നു.
ഇതു മാതാപിതാക്കള്‍ എതിര്‍ത്തതോടെ പെണ്മക്കളെ വിട്ടു കിട്ടാന്‍ അഞ്ചു ലക്ഷം രൂപ കൊടുക്കണമെന്ന് ഈ എഎസ്ഐ ആവശ്യപ്പെട്ടതായി പറയുന്നു. മാതാപിതാക്കള്‍ അതും നിരസിച്ചതോടെ ഇനി ഇവരുടെ അഞ്ചു മക്കളെയും കാണില്ലെന്ന് എഎസ്ഐ വെല്ലുവിളിച്ചതായും ആ മാതാപിതാക്കള്‍ പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരനെ അറസ്റ്റു ചെയ്ത് റിമാന്‍ഡിലാക്കി.
ഹിന്ദി മാത്രം അറിയാവുന്ന ഇവര്‍ സഹോദരിമാരെ പീഡിപ്പിച്ചെന്ന കുറ്റം മലയാളത്തില്‍ എഴുതി ഒപ്പിടുവിച്ചുവെന്നു മാതാപിതാക്കള്‍ പറയുന്നു. രണ്ടു പെണ്മക്കളെയും ചില്‍ഡ്രന്‍സ് ഹോമില്‍ ആക്കിയിരിക്കുകയാണ്. എട്ടാംക്ലാസില്‍ പഠിക്കുന്ന ഇളയസഹോദരന് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നു പറഞ്ഞു സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാനസിക പീഡിപ്പിച്ചതായും മാതാപിതാക്കള്‍ ആരോപിക്കുന്നു.
സിഐയും എഎസ്ഐയും തെറിച്ചു
മകളെ സഹോദരന്മാര് പീഡിപ്പിച്ചെന്ന കേസ് ഒഴിവാക്കാന്‍ മാതാപിതാക്കളില്‍നിന്ന് അഞ്ചു ലക്ഷം ആവശ്യപ്പെട്ട മാതാപിതാക്കളുടെ പരാതിയില്‍ ആരോപണവിധേയനായ എഎസ്ഐ വിനോദ് കൃഷ്ണയെ ജില്ലാ സായുധസേന ക്യാമ്പിലേക്കു സ്ഥലം മാറ്റി.
ഇയാള്‍ക്കെതിരേ സ്പെഷല്‍ബ്രാഞ്ചും ഇന്റലിജന്‍സും അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, എറണാകുളം നോര്‍ത്ത് സിഐ ആയിരുന്ന സിബി ടോമിനെ കോട്ടയം ജില്ലയിലേക്കു സ്ഥലം മാറ്റിയിട്ടുണ്ട്.
പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട സംഭവത്തിലും നോര്‍ത്ത് പോലീസ് മോന്സന് മാവുങ്കലിനു വഴിവിട്ട സഹായം ചെയ്തുവെന്ന ആരോപണത്തിലുമാണ് സ്ഥലം മാറ്റമെന്നാണ് അറിയുന്നത്.
പരാതി ഇല്ലാതാക്കാന്‍ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തില്‍ വാര്‍ത്ത വന്ന പത്രങ്ങള്‍ക്കു സ്റ്റേഷനില്‍നിന്നു യാതൊരു വിവരവും കൈമാറരുതെന്നു നിര്‍ദേശം ഉണ്ടെന്നും അറിയുന്നു.