കൊച്ചി: എറണാകുളം നിയമസഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. കനത്ത മഴയെത്തുടര്‍ന്ന് മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ വെള്ളക്കെട്ടുണ്ടായതിനാല്‍ പോളിംഗ് മന്ദഗതിയിലാണ് നടക്കുന്നത്. രാവിലെ 11 വരെയുള്ള കണക്ക് പ്രകാരം 8.55 ശതമാനം ആണ് പോളിംഗ്.13289 പേര് വോട്ടു ചെയ്തു.
128 ബൂത്തുകളിലാണ് പോളിംഗ് പുരോഗമിക്കുന്നത്. വെള്ളം കയറിയതിനെ തുടര്‍ന്ന് പലബൂത്തുകളും മാറ്റി സ്ഥാപിക്കേണ്ടി വന്നു. എറണാകുളം അയ്യപ്പന്‍കാവിലും കഠാരിബാഗിലും വെള്ളക്കെട്ടിനെതുടര്‍ന്ന് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു.
എറണാകുളം അയ്യപ്പന്‍കാവിലെ എസ്എന്‍ സ്കൂളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടുത്തെ 64, 65, 68 നമ്പര്‍ ബൂത്തുകളും കഠാരിബാഗിലെ കേന്ദ്രീയ വിദ്യാലയത്തിലെ നാല് ബൂത്തുകളും മാറ്റി സ്ഥാപിച്ചു. വെള്ളം കയറിയ ബൂത്തുകള്‍ മാറ്റി സ്ഥാപിച്ച് പോളിംഗ് തുടരുകയാണ്.
കലൂര്‍ കെഎസ്ഇബി കണ്ട്രോള് റൂമില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിഛേദിച്ചതിനാല്‍ മണ്ഡലത്തിലെ മിക്ക ബൂത്തുകളിലും വൈദ്യുതി തടസപ്പെട്ടു. മൊബൈല്‍ ഫോണിന്റെ ഫ്ളാഷ് ലൈറ്റ് ഓണാക്കി വച്ചാണ് വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയത്. മഴവെള്ളം കയറിയ പോളിംഗ് ലൊക്കേഷനുകിലല് ബൂത്തുകള്‍ക്കും വോട്ടര്‍മാര്‍ക്കും സൗകര്യമൊരുക്കാന്‍ ഫയര്‍ഫോഴ്സ് എത്തിയിരുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു റോയി കടവന്ത്ര സെന്റ് ജോസഫ് ഓഡിറ്റോറിയത്തിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി സി.ജി. രാജഗോപാല്‍ കലൂര്‍ കതൃക്കടവ് സ്കൂളിലും വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ടി.ജെ. വിനോദിന് തൃക്കാക്കര മണ്ഡലത്തിലാണ് വോട്ടുള്ളത്.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ എന്നിവര്‍ എറണാകുളം സെന്റ് മേരീസ് സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. ജില്ലാ കളക്ടര്‍ എസ്. സുഹാസ് എറണാകുളം എസ്ആര്‍വി സ്കൂളില്‍ വോട്ട് ചെയ്തു.