വാഷിംഗ്ടൺ: അമേരിക്കയിലെ വടക്കൻ കലിഫോർണിയയിൽ വൻ ഭൂചലനം. ഇന്ത്യൻ സമയം ഇന്നലെ അർധരാത്രിയോടെ റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് അനുഭവപ്പെട്ടത്.
ശക്തമായ ഭൂചലനത്തെ തുടർന്ന് യെലോ അലർട്ട് പ്രഖ്യാപിക്കുകയും സുനാമി മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ സുനാമി മുന്നറിയിപ്പ് വൈകാതെ പിൻവലിച്ചു. ആൾനാശമുണ്ടായതായി റിപ്പോർട്ടില്ല.
ഒറിഗോൺ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോൾട്ട് കൗണ്ടിയിലെ ചെറിയ നഗരമായ ഫെർണ്ടെയ്ലിന്റെ പടിഞ്ഞാറായിട്ടാണു ഭൂചലനം ഉണ്ടായതെന്നു യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
സാൻഫ്രാൻസിസ്കോ വരെ ഭൂചലനം അനുഭവപ്പെട്ടു. ഏതാനും സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നെന്നും തുടർന്ന് തുടർചലനങ്ങൾ അനുഭവപ്പെട്ടെന്നും പ്രദേശവാസികൾ പറഞ്ഞു. ഭൂചലത്തെത്തുടർന്ന് സാന്ഫ്രാന്സിസ്കോയ്ക്കും ഓക്ലൻഡിനും ഇടയിലുള്ള ജലാന്തർഭാഗത്തെ തുരങ്കത്തിലൂടെയുള്ള ഗതാഗതം നിർത്തിവച്ചു.