തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞെങ്കിലും കൊച്ചിയിലും കൊല്ലത്തും കനത്ത മഴ തുടരുകയാണ്. കൊച്ചിയിൽ കടലാക്രമണവും രൂക്ഷമാണ്. കൊച്ചിയിൽ ഇന്ന് പുലർച്ചെയാരംഭിച്ച കനത്ത മഴ തുടരുകയാണ്.
പലയിടത്തും വെള്ളക്കെട്ടുണ്ട്. കൊല്ലം ജില്ലയിൽ ഇന്നലെ രാത്രി മുതൽ ചെയ്യുന്ന കനത്ത മഴ ഇന്ന് രാവിലെയും തുടർന്നു. പലയിടത്തും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.
ഇരവിപുരം, മയ്യനാട്, കൂട്ടിക്കട, പോളയത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. കൊല്ലം ബീച്ച്, മുണ്ടയ്ക്കൽ, മുക്കം പ്രദേശങ്ങൾ കടലാക്രമണ ഭീഷണിയിലാണ്.
ഇത്തിക്കരയാറ്റിലും കല്ലടയാറ്റിലും പരവൂർ കായലിലും ജലനിരപ്പ് ഉയർന്നു. വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നവർ നാല് ദിവസമായി കടലിൽ പോകുന്നില്ല.
വടക്കൻ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്.
ഇവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോരമേഖലകളിൽ അതീവജാഗ്രത തുടരണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം.
പത്തനംതിട്ട തിരുവല്ല മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇനിയും ഇറങ്ങിയിട്ടില്ല. ആളുകൾ ക്യാംപുകളിൽ തന്നെ തുടരുകയാണ്. എൻ ഡി ആർ എഫ് സംഘവും വിവിധ ഭാഗങ്ങളിൽ ക്യാംപ് ചെയ്യുന്നു.
കോസ് വേകൾ മുങ്ങി ആദിവാസി കോളനികൾ ഉൾപ്പടെ ഒറ്റപ്പെട്ടു പോയ റാന്നി കുരുംന്പുമുഴി, അറിയാഞ്ഞിലിമൺ മേഖലകളിൽ പാലം നിർമ്മിക്കാനുള്ള നടപടി വേഗത്തിൽ ആക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
9, 10, 11 തിയതികളിൽ സംസ്ഥാനത്തെ ഒരു ജില്ലയിലും യെല്ലോ അലർട്ട് നിലവിൽ പ്രഖ്യാപിച്ചിട്ടില്ല.കേരള തീരത്ത് നാളെ രാത്രി 11.30 വരെ 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.5 മുതൽ 2.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.ട്