ബംഗളൂരു: രാജ്യത്ത് ഉഷ്ണതരംഗത്തിനു സാധ്യതയെന്ന മുന്നറിയിപ്പിനെത്തുടർന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഡൽഹിയിൽ അടുത്ത മൂന്നു ദിവസം ഉഷ്ണതരംഗമുണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അടുത്ത പത്തുവരെ ഗുജറാത്തിലും ചില പ്രദേശങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കടുത്ത ഉഷ്ണതരംഗം ഉണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഹിമാചൽപ്രദേശ്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ ഞായറാഴ്ച 42 ഡിഗ്രി സെൽഷ്യസിലും കൂടുതൽ താപനില രേഖപ്പെടുത്തി.
ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളിലെ 21 നഗരങ്ങളിലാണ് ഇന്നലെ ഉയർന്ന താപനില രേഖപ്പെടുത്തിയത്.
രാജസ്ഥാനിലെ ബാർമറിൽ ഞായറാഴ്ചത്തെ താപനില 45.6 ഡിഗ്രി സെൽഷ്യസായിരുന്നു.
ഏപ്രിൽ ആദ്യവാരത്തിൽ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. സാധാരണയുള്ളതിലും 6.8 ഡിഗ്രി സെൽഷ്യസ് കൂടുതൽ താപനിലയാണ് പ്രദേശത്ത് ഇന്നലെ അനുഭവപ്പെട്ടത്.