സോൾ: ഇടവേളയ്ക്കുശേഷം വീണ്ടും മിസൈൽ വിക്ഷേപണവുമായി ഏകാധിപതി കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ. മിസൈൽ പരിധിയിൽ അമേരിക്കയും പെടുമെന്നാണു സൂചന. കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ ഇന്നു പുലർച്ചെ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് അറിയിച്ചു.
ഉത്തര കൊറിയ പരീക്ഷിച്ചത് ബാലിസ്റ്റിക് മിസൈൽ ആകാനിടയുണ്ടെന്ന് ജപ്പാന്റെ തീരസംരക്ഷണ സേനയും അറിയിച്ചു. ഇതിനു മുൻപ് ജൂലൈയിലും സെപ്റ്റംബറിലും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിരുന്നു.
ഉത്തര കൊറിയ ഏഴാമത്തെ ആണവ പരീക്ഷണത്തിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയെന്നും യുഎസ് വരെ ദൂരപരിധിയുള്ള ദീർഘദൂര മിസൈൽ പരീക്ഷണത്തിന് തയാറെടുക്കുകയാണെന്നുമുള്ള ദക്ഷിണ കൊറിയൻ സൈനിക ഇന്റലിജൻസ് ഏജൻസിയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം സംബന്ധിച്ച റിപ്പോർട്ടുകൾ വന്നത്. 2017ലാണ് ഉത്തര കൊറിയ അവസാനമായി ആണവ പരീക്ഷണം നടത്തിയത്.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയുള്ള മിസൈൽ പരീക്ഷണം അമേരിക്കയെ പ്രകോപിക്കാനാണെന്നാണു റിപ്പോർട്ട്. നേരത്തെ റഷ്യയിലേക്ക് ഉത്തരകൊറിയ നിരവധി സൈനികരെ അയച്ചതിനെതിരേ അമേരിക്ക രൂക്ഷമായി പ്രതികരിച്ചിരുന്നു.
അതേസമയം മിസൈൽ വിക്ഷേപത്തെ അമേരിക്ക അപലപിച്ചു. യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ ലംഘിച്ചാണ് വിക്ഷേപമെന്ന് വിശേഷിപ്പിച്ച യുഎസ്, പ്രദേശത്ത് അനാവശ്യ പിരിമുറുക്കങ്ങൾക്ക് ഉത്തരകൊറിയ വഴിവച്ചെന്നും ചൂണ്ടിക്കാട്ടി.