പുതുവര്‍ഷ ദിനത്തില്‍ പുതിയ ഭീഷണിയുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍. തന്റെ രാജ്യത്തിന്റെ അണ്വായുധ ശക്തി വെറും ഭീഷണി മാത്രമല്ല, യഥാര്‍ത്ഥ്യം കൂടിയാണെന്ന് അമേരിക്ക തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നാണ് ഉന്‍ പറയുന്നത്. ആണവ വിക്ഷേപണത്തിനുള്ള സ്വിച്ച് തന്റെ വിരല്‍തുമ്പില്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തോട് നടത്തിയ പരമ്പരാഗത വാര്‍ഷിക പ്രസംഗത്തിലാണ് ആണവ ശക്തിയില്‍ രാജ്യം ചരിത്രപരമായ ചുവടുവയ്പ് നടത്തിയതായി അദ്ദേഹം വെളിപ്പെടുത്തിയത്.
അതേസമയം, ദക്ഷിണ കൊറിയയോടുള്ള വൈരാഗ്യം അദ്ദേഹം അല്പം മയപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരിയില്‍ ദക്ഷിണ കൊറിയയില്‍ നടക്കുന്ന വിന്റര്‍ ഒളിമ്പിക്സിന് എല്ലാ വിജയാശംസകളും നേര്‍ന്ന ഉന്‍, തന്റെ രാജ്യത്തുനിന്നുള്ള പ്രതിനിധി സംഘത്തെ ഒളിമ്പിക്സിന് അയച്ചേക്കുമെന്ന സൂചനയും നല്‍കി. അണ്വായുധ ബട്ടണ്‍ എന്റെ ടേബിളില്‍ ആണെന്ന കാര്യം അമേരിക്ക മനസിലാക്കണം. അമേരിക്കയിലെ പ്രധാന നഗരങ്ങളെല്ലാം ഞങ്ങളുടെ ആണവ പരിധിക്കുള്ളിലാണ്.
തനിക്കെതിരെയോ തന്റെ രാജ്യത്തിനെതിരെയോ യു.എസിന് ഒരിക്കലും യുദ്ധം തുടങ്ങാന്‍ കഴിയില്ലെന്നും കിം പറഞ്ഞു. രാജ്യം കൈവരിച്ച സാമ്പത്തിക മുന്നേറ്റത്തെയും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടേണ്ടതിന്റെ പ്രധാന്യത്തേയും കുറിച്ചും കിം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. നടപ്പുവര്‍ഷത്തില്‍ ലക്ഷ്യമിടുന്ന പദ്ധതികളെയും മുന്‍ഗണനകളെയും കുറിച്ചുള്ള സൂചന നല്‍കുന്നതാണ് ഓരോ പുതുവര്‍ഷ ദിനത്തിലും കിം ജോംഗ് ഉന്‍ നടത്തുന്ന പ്രസംഗം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രസംഗത്തെ ലോകം മുഴുവന്‍ വലിയ പ്രധാന്യത്തോടെയാണ് വീക്ഷിക്കാറുള്ളത്.