ഇവിടെ കിടന്ന് ആര്‍ക്കും മരിക്കാനാവില്ല ! പൂച്ചകള്‍ക്ക് ഇത് ‘ഫോര്‍ബിഡന്‍ വില്ലേജ്’; വിചിത്രമായ ഗ്രാമത്തെക്കുറിച്ചറിയാം…

വിചിത്രമായ ജീവിതരീതികള്‍ പിന്തുടരുന്ന നിരവധി സ്ഥലങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇവയില്‍ ഒട്ടുമിക്കതും വിദൂര ഗ്രാമങ്ങളോ ദ്വീപുകളോ ആയിരിക്കും.

ഇത്തരമൊരു വിചിത്രഗ്രാമമാണ് ലോംഗിയര്‍ബെന്‍. സ്വാല്‍ബാര്‍ഡിന്റെ ദ്വീപസമൂഹത്തില്‍ സ്ഥിതിചെയ്യുന്ന ഒരു നോര്‍വീജിയന്‍ ഗ്രാമമാണിത്.

ലോകത്തിലെ ഏറ്റവും വടക്കുകിഴക്കന്‍ നഗരമായ ഇത് ഒരു പഴയ കല്‍ക്കരി ഖനന കേന്ദ്രമായിരുന്നു. വര്‍ഷത്തില്‍ നാലുമാസത്തോളം ഇവിടെ പകല്‍ സമയത്ത് സൂര്യന്‍ പ്രത്യക്ഷപ്പെടാറില്ല.

എന്നാല്‍ ഇതിലൊതുങ്ങുന്നില്ല ഈ സ്ഥലത്തിന്റെ പ്രത്യേകത. മഞ്ഞുമൂടിയ ഈ നഗരത്തില്‍ ആളുകള്‍ക്ക് പാലിക്കേണ്ട ഒരു കാര്യമുണ്ട്, അവിടെ മരിക്കാനാവില്ല എന്നതാണത്.

ഒരു മനുഷ്യനും മരണത്തെ തടയാന്‍ കഴിയില്ലെന്ന് നമുക്കറിയാം. എന്നാല്‍ പിന്നെ എന്തുകൊണ്ടാണ് ലോംഗിയര്‍ബൈന്‍ ഇത്തരമൊരു വിചിത്രമായ കാര്യം പാലിക്കുന്നത്?

ആര്‍ട്ടിക് സര്‍ക്കിളിന് മുകളിലായിരിക്കുന്നതിനാല്‍, ഇവിടെ താപനില -32 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താറുണ്ട്. ചിലപ്പോള്‍ അത് -46.3 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു പോകാറുണ്ട്. അതുകൊണ്ട് തന്നെ മണ്ണില്‍ അടക്കിയ ശവശരീരങ്ങള്‍ അഴുകില്ല.

ഖനിത്തൊഴിലാളികളാണ് കൂടുതലും അവിടെ താമസിച്ചിരുന്നത്. 1918 -ലെ സ്പാനിഷ് ഫ്‌ളൂ ലോകമെമ്പാടുമുള്ള 100 ദശലക്ഷത്തിലധികം ആളുകളെ ഇല്ലാതാക്കിയ പകര്‍ച്ചവ്യാധിയാണ്. അന്ന് രോഗം ബാധിച്ച് മരിച്ച നിരവധി പേരെ അടക്കിയത് നഗരത്തിലെ ശ്മശാനത്തിലാണ്.

എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ശേഷവും ശ്മശാനത്തിലെ മൃതദേഹങ്ങള്‍ അഴുകുന്നില്ലെന്ന് പ്രദേശവാസികള്‍ കണ്ടെത്തി. ശവശരീരങ്ങളില്‍ അപ്പോഴും വൈറസ് അവശേഷിച്ചിരുന്നു എന്നവര്‍ ഒരു ഞെട്ടലോടെ മനസ്സിലാക്കി.

ഇത് ജീവിച്ചിരിക്കുന്നവരിലേയ്ക്ക് വൈറസ് പടരാന്‍ സാഹചര്യമൊരുക്കുന്നു എന്നതിനാല്‍ പ്രദേശവാസികള്‍ വല്ലാതെ പരിഭ്രാന്തരായി.

ഇതോടെ അവിടത്തെ ശവമടക്ക് രീതിയില്‍ മാറ്റം വരുത്താന്‍ നഗരം തീരുമാനിച്ചു. തുടര്‍ന്ന് ആളുകളെ പ്രാദേശിക ശ്മശാനത്തില്‍ കുഴിച്ചിടുന്നത് നിര്‍ത്തി. അതായത് ദ്വീപില്‍ ജീവിതകാലം മുഴുവന്‍ ചെലവഴിച്ചാലും, മരിച്ചാല്‍ അവിടെ അടക്കം ചെയ്യാന്‍ കഴിയില്ല.

ഗുരുതര രോഗബാധിതരെ ദ്വീപില്‍ നിന്ന് മാറ്റി നൂറുകണക്കിന് മൈലുകള്‍ അകലെയുള്ള നോര്‍വെയുടെ തലസ്ഥാന നഗരമായ ഓസ്ലോയിലേക്ക് പറഞ്ഞ് വിടുന്നു.

അവിടെ അവര്‍ അവരുടെ ജീവിതത്തിലെ അവസാന ദിവസങ്ങള്‍ ചെലവഴിക്കും. ഇനി അഥവാ മരിച്ചാല്‍ ചിതാഭസ്മം കുടത്തിലാക്കി മണ്ണില്‍ അടക്കം ചെയ്യാം. എന്നാല്‍, വളരെ കുറച്ചുപേര്‍ മാത്രമേ ഈ മാര്‍ഗം സ്വീകരിച്ചിക്കുന്നുള്ളൂ.

അതുപോലെ തന്നെ, ഇവിടെ വളരെ കുറച്ച് ആളുകള്‍ മാത്രമേ ജനിക്കുന്നുള്ളൂ. സ്വാല്‍ബാര്‍ഡില്‍ ഒരു ചെറിയ ആശുപത്രി ഉണ്ടെങ്കിലും, ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് അവരുടെ നിശ്ചിത പ്രസവ തീയതിക്ക് മുമ്പായി പ്രധാന ഭൂപ്രദേശത്തുള്ള ആശുപത്രിയിലേക്ക് പോകുന്നു.

ലോംഗര്‍ബൈനില്‍ മതിയായ ആരോഗ്യപാലന സൗകര്യങ്ങളില്ല. വയോജനങ്ങള്‍ക്കായുള്ള നഴ്‌സിംഗ് ഹോമുകള്‍ പോലും ഇവിടെയില്ല. എന്തെങ്കിലും ഗുരുതരമായ അസുഖമുണ്ടായാല്‍ അകലെയുള്ള ആശുപത്രിയിലേക്കു മാറ്റുക മാത്രമേ മാര്‍ഗമുള്ളൂ.

കൂടാതെ, അവിടെ ധ്രുവക്കരടിയുടെ ആക്രമണം സാധാരണമാണ്. അതുകൊണ്ട് തന്നെ തനിച്ച് പുറത്ത് പോകുന്നവര്‍ കൈയില്‍ തോക്ക് കരുതുന്നു.

അവിടത്തെ മറ്റൊരു പ്രത്യേകത, നഗരം പൂച്ചകളെ വിലക്കിയിരിക്കുന്നു. പ്രദേശത്തെ പക്ഷികളെ സംരക്ഷിക്കുന്നതിനായിട്ടാണ് ഇത്. അതിനാല്‍ അവിടെ നമുക്ക് പൂച്ചകളെയും കാണാന്‍ കഴിയില്ല.

Related posts

Leave a Comment