ന്യൂഡൽഹി: കൃഷിഭൂമി പാട്ടത്തിനോ കരാർ കൃഷിക്കോ നല്കിയാൽ 18 ശതമാനം ജിഎസ്ടി നല്കണം എന്ന പ്രചാരണം ശരിയല്ലെന്നു കേന്ദ്രം.
ജൂൺ ഒന്നു മുതൽ പാട്ടവരുമാനത്തിനു ജിഎസ്ടി ബാധകമാകുമെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം റിപ്പോർട്ടുകൾ പ്രതിപക്ഷ നുണപ്രചാരണമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ബാഗ്പെട്ടിലെ പ്രസംഗത്തിൽ പറയുകയുണ്ടായി.
കൃഷി, മത്സ്യബന്ധനം, കാലിവളർത്തൽ എന്നിവ ജിഎസ്ടിയിൽനിന്ന് ഒഴിവാണെന്ന് അധികൃതർ വിശദീകരിച്ചു. കൃഷി എന്നാൽ നേരിട്ടോ കുടുംബാംഗങ്ങൾ വഴിയോ ജോലിക്കാരെ ഉപയോഗിച്ചോ മറ്റാർക്കെങ്കിലും വേതനം നല്കിയോ ചെയ്യുന്നത് എന്ന വിശാലമായ നിർവചനവും നിയമത്തിൽ നല്കിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ ഒന്നിനു നിലവിൽവന്ന നിയമത്തിലെ ഈ വ്യവസ്ഥകളിലൊന്നും മാറ്റംവരുത്തിയിട്ടില്ലെന്നും കേന്ദ്രം വിശദീകരിച്ചു.