വ്യത്യസ്തമായ പല രോഗങ്ങളും ആളുകളെ വലയ്ക്കാറുണ്ട്. മൂക്കു വളരുന്നതാണ് ഗണേശ് എന്ന ഒന്‍പതു വയസ്സുകാരനെ വലയ്ക്കുന്ന അപൂര്‍വരോഗം. ആസാമിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നാണ് അനാഥനായ ഗണേശിനെ പോലീസ് കണ്ടെടുക്കുന്നത്. ആ സമയത്ത് അവന്റെ മൂക്ക് നീണ്ട് ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നീരുവന്ന് വീര്‍ത്ത അവസ്ഥയിലായിരുന്നു ഗണേശിന്റെ മൂക്ക്. സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ ആകാതെ, നിര്‍ത്താതെ കരയുകയായിരുന്നു അന്നവന്. തുമ്പിക്കൈ പോലെ വളര്‍ന്ന മൂക്കു കണ്ട് അവന് ദൈവത്തിന്റെ അവതാരമാണെന്നു പറഞ്ഞ് ചില നാട്ടുകാര്‍ ആരാധന പോലും തുടങ്ങിയിരുന്നു.
ഇപ്പോള്‍ സര്‍ക്കാര്‍ സംരക്ഷണയില്‍ കഴിയുന്ന ഗണേശ്, ശസ്ത്രക്രിയയ്ക്ക് തയാറെടുക്കുകയാണ്. തലച്ചോറിന്റെ ഒരു ഭാഗം തലയോട്ടിയില്‍നിന്നു തള്ളി പുറത്തേയ്ക്കു വന്ന് മുഴ പോലെ രൂപപ്പെടുന്ന Frontonasal Encephalocele എന്ന രോഗമാണ് ഗണേശിനെ ബാധിച്ചിരിക്കുന്നത്. ഇതേ പ്രായത്തിലുള്ള മറ്റു കുട്ടികള്‍ക്കുള്ള അത്രയും തലച്ചോര്‍ വളര്‍ച്ചയും ഗണേശിനില്ല. സംസാരശേഷിയും മാനസിക വളര്‍ച്ചയും കുറവാണ്. അതേസമയം, ശസ്ത്രക്രിയകൊണ്ട് ഗണേശിന്റെ രോഗം പൂര്‍ണമായി മാറ്റാനാവുമെന്നാണ് ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്. തങ്ങളുടെ സംരക്ഷണത്തിലുള്ള കുട്ടികളില്‍ ഏറ്റവും പ്രത്യേകതയുള്ള ആളാണ് ഗണേശെന്ന് എന്‍ജിഒ പ്രസിഡന്റ് ജിതെന്‍ ഗെഗോയ് പറഞ്ഞു.
‘ഇതിനു മുമ്പ് ഇത്തരത്തിലൊരു കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല. ദൈവത്തിന്റെ അനുഗ്രഹമാണെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. അവനെ ആരാധിക്കാനും വണങ്ങാനുമായി ആളുകള്‍ അവിടെ എത്തുമായിരുന്നു. മൂക്കിന്റെ ഭാരം കാരണം അവന് സംസാരിക്കാന്‍ സാധിക്കുമായിരുന്നില്ല. തനിയെ ഭക്ഷണം കഴിക്കാനും സാധിക്കില്ല. സന്നദ്ധ പ്രവര്‍ത്തകര്‍ അവനു പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു’ ജിതെന്‍ പറഞ്ഞു. തുടക്കത്തിലെ ചികിത്സ ചെയ്യാതിരുന്നതാണ് ഗണേശിന്റെ അവസ്ഥ ഇത്രയും വഷളാക്കിയത്. പ്രത്യേകതരം സര്‍ജറിയിലൂടെ മൂക്കിന്റെ വളര്‍ച്ച മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. മൂക്കിന്റെ വളര്‍ച്ച കുറയ്ക്കുക എന്നതാണ് തങ്ങളുടെ ആദ്യ ഉദ്യമം എന്നും ഗണേശിന് സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചാല്‍ അവനെ ദത്തുനല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിവരാനും പുതിയ ജീവിതം അനുഭവിക്കാനും ഗണേശിന് സാധിക്കട്ടെ എന്നാണ് ഇപ്പോള്‍ ആളുകളുടെ പ്രാര്‍ത്ഥന.