കൊച്ചി: 12 വർഷം മുന്പ് കാണാതായ മൂക്കുത്തിയുടെ ഒരു ഭാഗം വീട്ടമ്മയുടെ ശ്വാസകോശത്തിൽനിന്നു പുറത്തെടുത്തു. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ നാൽപ്പത്തിനാലുകാരിയുടെ ശ്വാസകോശത്തിൽനിന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ ഇന്റർവൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ കൂടാതെ ഒരു സെന്റിമീറ്റർ നീളമുള്ള ചങ്കിരി പുറത്തെടുത്തത്.
മൂക്കുത്തി കാണാതായ ദിവസം അതിന്റെ പ്രധാനഭാഗം വീട്ടിൽനിന്ന് കിട്ടിയിരുന്നു. ചങ്കിരിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കഴിഞ്ഞയാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായപ്പോൾ നടത്തിയ സ്കാനിംഗിലാണ് ശ്വാസകോശത്തിൽ എന്തോ തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോ. ശ്രീരാജ് നായർ, ഡോ. ടോണി ജോസ് എന്നിവരും ചികിത്സാ സംഘത്തിലുണ്ടായിരുന്നു.