തിരുവനന്തപുരം : നോട്ടു നിരോധനത്തിന്റെ ഒന്നാം വാർഷികത്തിൽ സംസ്ഥാനത്തു ഭരണപക്ഷവും പ്രതിപക്ഷവും പ്രതിഷേധ ദിനമായി ആചരിക്കുമ്പോൾ ബിജെപി കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കും. ഇടതുമുന്നണി ദേശീയതലത്തിൽ നടത്തുന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ഇന്നു സംസ്ഥാനത്തു വിവിധ തരത്തിലുള്ള പരിപാടികളാണു സംഘടിപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തു റിസർവ് ബാങ്കിനു മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സംസ്ഥാന മന്ത്രിമാരും ഇടതു നേതാക്കളും ധർണയിൽ പങ്കെടുക്കും. രക്തസാക്ഷി മണ്ഡപത്തിൽ നിന്നു രാവിലെ 9.30-നു പ്രതിഷേധ ജാഥ ആരംഭിക്കും.
നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികത്തിൽ എഐസിസിയുടെ ആഹ്വാനപ്രകാരം യുഡിഎഫ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ഇതിന്റെ ഭാഗമായി മണ്ഡലാടിസ്ഥാനത്തിൽ കരിങ്കൊടിയേന്തി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. നോട്ടു നിരോധനം മൂലം മരണമടഞ്ഞവർക്കു ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടു ഡിസിസികളുടെ ആഭിമുഖ്യത്തിൽ ജില്ലാടിസ്ഥാനത്തിൽ മെഴുകുതിരി തെളിച്ചു പ്രതിഷേധം സംഘടിപ്പിക്കും.
തിരുവനന്തപുരത്തു രാത്രി ഏജീസ് ഓഫീസിനു മുന്നിൽ നിന്നും മെഴുകുതിരി തെളിച്ചു റിസർവ് ബാങ്കിനു മുന്നിലേക്കു പ്രതിഷേധ മാർച്ച് നടത്തും. വിവിധ യുഡിഎഫ് നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കും. നോട്ടു നിരോധനത്തിന്റെ വാർഷികം ബിജെപി ദേശവ്യാപകമായി കള്ളപ്പണവിരുദ്ധ ദിനമായി ആചരിക്കും.
നിയോജകമണ്ഡലാടിസ്ഥാനത്തിൽ കള്ളപ്പണ വിരുദ്ധ പ്രതിജ്ഞ, ഒപ്പുശേഖരണം, സെമിനാറുകൾ, ശിൽപശാല എന്നിവ സംഘടിപ്പിക്കും. കൂടാതെ നോട്ടു നിരോധനം, നികുതി പരിഷ്കരണം, ബിനാമി ഇടപാടുകൾ, കള്ളപ്പണം ഇവ തടയാനുള്ള നിയമം എന്നിവയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന ലഘുലേഖകൾ വീടുകൾ തോറും വിതരണം ചെയ്യും. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജില്ലാ അടിസ്ഥാനത്തിൽ യോഗങ്ങളും ബിജെപി സംഘടിപ്പിച്ചിട്ടുണ്ട്.