ലണ്ടൻ: ഒന്നാം ലോകമഹായുദ്ധകാലത്ത് 1918 ജൂലൈ രണ്ടിനു ലണ്ടനിൽനിന്നു ബോംബെയിലേക്കുള്ള യാത്രാമധ്യേ ജർമൻ സൈന്യം ആക്രമിച്ചുമുക്കിയ ബ്രിട്ടീഷ് കന്പനി ഉടമസ്ഥതയിലുള്ള എസ്എസ് ഷിരാല എന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്നു കണ്ടെടുത്ത നോട്ടുകൾ അതിശയമായി.
കൊളോണിയൽ കാലഘട്ടത്തിലെ 10 രൂപയുടെ രണ്ടു നോട്ടുകളാണ് കേടുപാടുകൾ സംഭവിക്കാതെ കണ്ടെടുത്തത്. നോട്ടുകൾ 29നു ലേലം ചെയ്യും. ഒരു നോട്ടിന് ചുരുങ്ങിയത് മൂന്നു ലക്ഷമാണ് ലേലക്കന്പിനിയായ നൂനാൻസ് മെഫെയർ പ്രതീക്ഷിക്കുന്നത്.
ഇപ്പോൾ കണ്ടെത്തിയ നോട്ടുകളുടെ മുഴുവൻ ബ്ലോക്കുകൾ, യുദ്ധോപകരണങ്ങൾ, ആനക്കൊമ്പ്, വൈൻ, ലോറി പാർട്സ്, കാറുകൾക്കുള്ള സ്പെയറുകൾ, വജ്രങ്ങൾ, കറൻസി അച്ചടിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽനിന്നുള്ള പേപ്പർ ഷീറ്റുകൾ തുടങ്ങിയവയുമായി ലണ്ടനിൽനിന്നു ബോംബെയിലേക്ക് പോകുമ്പോൾ ഷിരാലെ എന്ന കപ്പലിനെ ജർമൻ അന്തർവാഹിനി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ തകർന്ന കപ്പൽ കടലിൽ മുങ്ങി. തകർന്ന കപ്പലിൽനിന്ന് ഒപ്പിടാത്ത അഞ്ചിന്റെയും പത്തിന്റെയും ഉൾപ്പെടെ നിരവധി നോട്ടുകൾ കരയിലേക്ക് ഒഴുകിയെത്തി. മിക്കവയും വീണ്ടെടുക്കുകയും പിന്നീട് അധികാരികൾ നശിപ്പിക്കുകയും അവയ്ക്ക് പകരം പുതിയവ അച്ചടിക്കുകയും ചെയ്തു. എന്നിരുന്നാലും കുറച്ച് നോട്ടുകൾ സ്വകാര്യവ്യക്തികളിൽ എത്തിപ്പെട്ടിരുന്നു.
കണ്ടെത്തിയ നോട്ടുകൾ കേടുപാടുകൾ സംഭവിക്കാത്തവയാണ്. നോട്ടുകളിൽ 1918 മേയ് 25 എന്നു തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്തയാഴ്ച നടക്കുന്ന ലോക ബാങ്ക്നോട്ട് ലേലത്തിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൻ കീഴിലുള്ള 100 രൂപാ നോട്ടും ലേലത്തിനുണ്ട്. 1917-1930 നും ഇടയിൽ കോൽക്കത്തയിൽനിന്നാണ് നോട്ട് ഒപ്പിട്ട് സ്റ്റാമ്പ് ചെയ്തിരിക്കുന്നത്. ഹിന്ദിയും ബംഗാളിയും ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിൽ 100 രൂപ എന്ന് എഴുതിയിട്ടുണ്ട്.