ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് രാജ്യത്തുണ്ടായ പ്രതിസന്ധികള്‍ ചൂണ്ടിക്കാണിച്ച് ഒറ്റക്കെട്ടായി മോദിയെ എതിര്‍ക്കാന്‍ ഇറങ്ങിത്തിരിച്ച പ്രതിപക്ഷനിരയില്‍ വിള്ളലിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങഇ. മോദിക്കെതിരേ ആഞ്ഞടിക്കാന്‍ സാധ്യതകള്‍ ഏറെയുണ്ടായിരുന്നിട്ടും കെടുകാര്യസ്ഥതയും ഐക്യമില്ലായ്മയും മൂലം കാര്യങ്ങള്‍ ഫലപ്രദമാകുന്നില്ല.
തുടര്‍പ്രക്ഷോഭം നടത്താന്‍ ഇന്നു കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്നു ഇടതു പാര്‍ട്ടികളും ജനതാദള്‍ (യു)വും ഉള്‍പ്പെടെയുള്ളവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം യോഗത്തില്‍ പങ്കെടുക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡല്‍ഹിയിലെത്തിക്കഴിഞ്ഞു. ഡല്‍ഹിയില്‍ ഇന്നുച്ചകഴിഞ്ഞു മൂന്നിന് നടക്കുന്ന യോഗത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന പാര്‍ട്ടികളെ പങ്കെടുപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അവസാനവട്ട ശ്രമങ്ങള്‍ നടത്തുകയാണ്. പ്രമുഖ പ്രതിപക്ഷ നേതാക്കളെ അവര്‍ ഫോണില്‍ ബന്ധപ്പെട്ടുവരികയാണെന്നാണു വിവരം. ആവശ്യമായ കൂടിയാലോചനകളോ കോ-ഓര്‍ഡിനേഷനോ ഇല്ലാത്തതിനാല്‍ സംയുക്ത മാധ്യമസമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോല്‍ക്കത്തയില്‍ പറഞ്ഞു.
എന്താണു പരിപാടിയെന്നു വ്യക്തതയില്ലാത്തതിനാല്‍ പ്രസ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കില്ലെന്നു സിപിഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഢിയും വ്യക്തമാക്കി. പ്രതിപക്ഷ ഐക്യനിര ശക്തമാകുന്നതിനിടെ മറ്റു പാര്‍ട്ടികളുമായി ആലോചിക്കാതെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ പോയതാണ് പ്രകോപനമായത്. ഇടതുപക്ഷത്തിന്റെ ശത്രുവായ തൃണമൂല്‍ കോണ്‍ഗ്രസ് ഇന്നത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതും കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതും ഇടതിനെ ചൊടിപ്പിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയുടെ ഇടപെടല്‍ പ്രശ്നത്തിനു പരിഹാരമുണ്ടാക്കുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.