ബാങ്ക്, ശമ്പളം, പണം, കറന്‍സി, നോട്ട് തുടങ്ങിയ വാക്കുകളാണ് കഴിഞ്ഞ ഒരു മാസക്കാലമായി ഇന്ത്യയില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച് വരുന്നത്. ഈ വാക്കുകളുമായി ബന്ധപ്പെട്ടുകിടക്കുന്ന കാര്യങ്ങളും ചര്‍ച്ചയ്ക്ക് വിഷയീഭവിക്കുന്നുണ്ട്. നോട്ട് റദ്ദാക്കലിനോടൊപ്പം വിവാദമായ ഒന്നാണ് പുതിയ നോട്ടുകളുടെ കടന്നുവരവ്. ഇവ ആര്? എപ്പോള്‍? എവിടെ? എങ്ങനെ നിര്‍മിച്ചു എന്നീ ചോദ്യങ്ങള്‍ പലയിടങ്ങളില്‍ പലതവണ ഇതിനോടകം ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ടാവും. അത്തരം ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും:
റിസര്‍വ് ബാങ്ക് തീരുമാനിക്കും
1935 മുതല്‍ റിസര്‍വ് ബാങ്കാണ് എപ്പോള്‍ നോട്ടുകള്‍ നിര്‍മിക്കണം എന്ന് തീരുമാനിക്കുന്നത്. രാജ്യത്തെ സാമ്പത്തിക ഇടപാടുകളെ സുസ്ഥിരമാക്കാനാണ് നോട്ടുകള്‍ നിര്‍മിക്കുന്നതും മറ്റു ചിലപ്പോള്‍ പിന്‍വലിക്കുന്നതും.1935 ല്‍ റിസര്‍വ് ബാങ്ക് നിലവില്‍ വരുന്നതിന് മുമ്പ് ഗവണ്‍മെന്റ് തന്നെയാണ് നോട്ടുകള്‍ അച്ചടിച്ചിരുന്നത്. പശ്ചിമബംഗാള്‍, ഭോപ്പാല്‍, മൈസൂരു എന്നിവടങ്ങളിലൊക്കെ നോട്ട് പ്രിന്റുചെയ്യുന്നതിനുള്ള സൗകര്യം റിസര്‍വ് ബാങ്കിനുണ്ട്. റിസര്‍വ് ബാങ്കിന്റെ പ്രധാന ദൗത്യങ്ങളില്‍ ഒന്നാണ് നോട്ട് അച്ചടി.
നോട്ടുകള്‍ അച്ചടിക്കുന്നതെങ്ങനെ?
നോട്ടിന്റെ ഡിസൈന്‍ പ്രത്യേകം വരച്ചെടുക്കുകയാണ് ചെയ്യുക. 75% കോട്ടനും 25% ലിനനും ഉപയോഗിച്ചാണ് പ്രധാനമായും നോട്ട് നിര്‍മാണം നടക്കുന്നത്. നോട്ടിന്റെ മിനുസത്തിന് കാരണം ഇവയാണ്. തിരിച്ചറിയലിന് സഹായിക്കുന്നതിനായി ചുവപ്പ്, നീല നിറങ്ങളിലുള്ള ഫൈബറുകളും നോട്ടില്‍ ഉള്‍പ്പെടുത്തി വരുന്നു. കൂടുതല്‍ ദൃഢത നല്‍കുന്നതിനായി പോളിവിനൈല്‍ ആല്‍ക്കഹോള്‍ അല്ലെങ്കില്‍ ജെലാറ്റിന്‍ ആണ് ഉപയോഗിക്കുന്നത്. സുരക്ഷയുടെ ഭാഗമായി പോളിമര്‍ സെക്യൂരിറ്റി ത്രെഡ് ലാമിനേറ്റ് ചെയ്ത് ഉപയോഗിക്കുന്നു.സാധാരണ മഷിയും കനത്തില്‍ പ്രിന്റു ചെയ്യുന്നതിനായി ഡ്രൈ കളര്‍ പിഗ്‌മെന്റുകളും നോട്ടില്‍ ഉള്‍പ്പെടുത്തുന്നു. സീലുകളും സീരിയല്‍ നമ്പറുകളും പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തുന്നു.
നോട്ടുകള്‍ എന്തിന്?
ഈ ചോദ്യത്തിന് പലര്‍ക്കും പല ഉത്തരങ്ങളായിരിക്കും. ബിസി 3000 മുതല്‍ കൊടുക്കല്‍ വാങ്ങല്‍ ഇടപാടുകളില്‍ പണം ഉപയോഗിച്ചുവരുന്നു. എന്നാല്‍ 7ാം നൂറ്റാണ്ടില്‍ ചൈനയിലാണ് ആദ്യമായി ‘പേപ്പര്‍ മണി ‘ അഥവാ നോട്ട് ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇടപാടുകള്‍ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നോട്ട് ഉപയോഗിച്ച് തുടങ്ങിയത്. പരസ്പരമുള്ള വിശ്വാസത്തിന്റെ ബലത്തിലാണ് വെറുമൊരു കടലാസിന് മൂല്യം ലഭിക്കുന്നത്. അതൊരു ഉറപ്പാണ്, ഈയൊരു കടലാസ് കൊടുത്താല്‍ അതിന്റെ മൂല്യത്തിന് തുല്യമായ വസ്തു അല്ലെങ്കില്‍ സേവനം അത് കൊടുക്കുന്ന ആള്‍ക്ക് വാങ്ങുന്ന ആളില്‍ നിന്ന് ലഭിക്കും എന്ന ഉറപ്പ്. എന്നുവച്ചാല്‍ നോട്ടിന് പകരം മറ്റെന്ത് വസ്തു ഉപയോഗിച്ചാലും അതിന്റെ മൂല്യത്തിനനുസരിച്ചുള്ള സേവനം ലഭിക്കും എന്ന് ചുരുക്കം. അതായത്, നോട്ട് പൂര്‍ണ്ണമായും നിരോധിച്ച് പകരം ഡിജിറ്റ്ല്‍ രീതിയിലുള്ള കാര്‍ഡുകള്‍ ഉപയോഗിക്കേണ്ടി വന്നാലും ഒരുതരത്തിലുള്ള മാറ്റങ്ങളും കൊടുക്കല്‍ വാങ്ങല്‍ ഇടപാടുകളില്‍ ഉണ്ടകാനിടയില്ല.