തിരുവനന്തപുരം: കീറിയ നോട്ടുകൾ മാറിക്കൊടുക്കാൻ റിസർവ് ബാങ്ക് സൗകര്യമൊരുക്കണമെന്ന് ബാങ്ക് എംപ്ലോയിസ് കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ ജീവിതം ദുഃസഹമാക്കുന്ന സാഹചര്യങ്ങൾ പരിഗണിക്കാതെയാണ് കേന്ദ്രസർക്കാർ നോട്ടു നിരോധനം ഏർപ്പെടുത്തിയത്.
നടപ്പാക്കി 21 മാസം കഴിഞ്ഞിട്ടും കേടുവന്ന നോട്ടുകൾ മാറ്റി നൽകാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. എടിഎമ്മുകളിൽപോലും കീറിയ നോട്ടുകൾ ലഭിക്കുന്ന സാഹചര്യമാണുള്ളത്. പുതിയ നോട്ടുകളുമായി ബന്ധപ്പെട്ട് നോട്ട് റീഫണ്ട് റൂൾസ് റിസർവ് ബാങ്ക് തയാറാക്കിയിട്ടില്ല.
കീറിയതും മുഷിഞ്ഞതുമായ നോട്ടുകൾ മാറ്റി നൽകാൻ വാണിജ്യ ബാങ്കുകളിൽ കൗണ്ടർ തുറക്കണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുള്ളതും ഉപേക്ഷിച്ചിരിക്കുകയാണ്. പുതിയ നൂറുരൂപ നോട്ടുവരുന്നതോടെ ജനങ്ങൾക്കുണ്ടാകുന്ന വൈഷമ്യങ്ങൾ പരിഹരിക്കാൻ നടപടിയുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.