കള്ളപ്പണം തടയുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ പ്രധാനമന്ത്രി നടപ്പാക്കിയ നോട്ട്‌നിരോധനത്തെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ഇനിയും യാതൊരു വിധത്തിലുള്ള പരിഹാരവുമായിട്ടില്ല. നോട്ട് പ്രതിസന്ധി 40 ാം ദിവസത്തിലേക്കടുക്കുന്ന നാളുകളാണ് ഇത്. വെറും അമ്പത് ദിവസം മാത്രം ജനങ്ങള്‍ സഹിച്ചാല്‍ മതിയെന്നും അതിന് ശേഷം എല്ലാം സാധാരണ ഗതിയിലേക്ക് തിരികെയെത്തുമെന്നും പറഞ്ഞ പ്രധാനമന്ത്രി ഇപ്പോള്‍ ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ’ എന്ന ഭാവമാണ് കൈക്കൊണ്ട് കാണുന്നത്. സമീപകാലത്തൊന്നും ഈ പ്രതിസന്ധിക്ക് അയവു വരില്ലെന്നാണ് സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
നോട്ട് റദ്ദാക്കലിന് ശേഷം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളെപ്പറ്റി സോഷ്യല്‍ മീഡിയകളിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും മറ്റും ഇതിനോടകം ധാരാളം കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും നടന്നു കഴിഞ്ഞു. ആളുകള്‍ തളര്‍ന്നും ക്ഷീണിച്ചും നിസ്സഹായരായി എടിഎമ്മുകളുടെയും ബാങ്കുകളുയെടും മുന്നില്‍ ക്യൂ നില്‍ക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും ആളുകള്‍ കണ്ടു. പരിഹാസച്ചുവയുള്ളവയും വേദനിപ്പിക്കുന്നവയും ചിരിപ്പിക്കുന്നവയും അവയിലുണ്ടായിരുന്നു.
ഇത്തരത്തില്‍ ആളുകളെ കരയിച്ച ഒന്നാണ് ഗ്രാമീണ മേഖലയിലെ ഒരു ബാങ്ക്്് മാനേജര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്. അതിങ്ങനെയായിരുന്നു. ‘നാളെ മറ്റൊരമ്മയോട് കൂടി അവരുടെ മകളുടെ ചികിത്സയ്ക്കായുള്ള പണം നല്‍കാന്‍ കഴിയില്ലെന്ന് പറയേണ്ടി വന്നാല്‍ ഞാന്‍ തളര്‍ന്ന് പോകും. വിറയാര്‍ന്ന കൈകളോടു കൂടി എത്തുന്ന മറ്റൊരു സ്ത്രീയേക്കൂടി കാണേണ്ടി വന്നാല്‍ ഞാന്‍ തകരും.’
ഈ അവസ്ഥയൊക്കെ നിലനില്‍ക്കുമ്പോഴും പൂഴ്ത്തിവച്ചിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ പുതിയ നോട്ടുകള്‍ പലയിടങ്ങളില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു. ഇവിടെയാണ് പ്രധാനമന്ത്രി ആരെയാണ് യഥാര്‍ത്ഥത്തില്‍ ലക്ഷ്യം വച്ചതെന്ന ചോദ്യം പ്രസക്തമാകുന്നത്. ഈ ചോദ്യത്തെ അനുകൂലിക്കുന്ന ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ വൈറലാകുന്നത്.
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രമാണ് ഇതിലേറ്റവും പുതിയത്. ബാങ്കിന് മുമ്പിലെ ഒരു ക്യൂവിന്റെ സമീപത്ത് നിന്ന് പൊട്ടിക്കരയുന്ന ഒരു വൃദ്ധന്റെ ചിത്രമാണിത്. അല്‍പ്പ സമയത്തേയ്ക്ക് വരിയില്‍ നിന്ന് മാറി ക്ഷീണമകറ്റി തിരകെയെത്തിയപ്പോഴോയ്ക്കും വരിയിലെ തന്റെ സ്ഥാനം നഷ്ടപ്പെട്ടതാണ് അദ്ദേഹത്തിന്റെ ഹൃദയം നുറുങ്ങിയുള്ള ആ കരച്ചിലിന് കാരണം. വയോധികനോട് അനുകമ്പ പ്രകടിപ്പിച്ചുകൊണ്ടുള്ള നിരവധി കമന്റുകള്‍ ഈ ഫോട്ടോയ്ക്ക് ലഭിച്ചു.
ആളുകളുടെ നിസ്സഹായാവസ്ഥയിലേക്ക് വെളിച്ചം വീശുന്നതും ചില പ്രദേശങ്ങളിലെ, പ്രത്യേകിച്ച് കേരളത്തിലെ ചില വിരുതന്മാരെ കളിയാക്കുന്നതുമായ ഫോട്ടോകളാണ് മറ്റ് ചിലത്. അതുപോലെ തന്നെ മദ്യഷോപ്പിന്റെ മുമ്പില്‍ ക്യൂ നില്‍ക്കുന്നതും ബാങ്കില്‍ ക്യൂ നില്‍ക്കുന്നതും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
ഏതായാലും ഈ ചിത്രങ്ങളെല്ലാം ചോദിക്കാതെ ചോദിക്കുന്ന ഒരു കാര്യമുണ്ട്. പ്രധാനമന്ത്രി ലക്ഷ്യം വച്ചത് കള്ളപ്പണക്കാരെയോ അതോ അന്നന്നത്തെ അന്നത്തിനായി എല്ലുമുറിയെ പണിയെടുക്കുന്ന സാധാരണക്കാരെയോ? എന്ന്.