തളിപ്പറമ്പ്: കറൻസിയുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് പണമെന്ന നിലയിൽ നൽകി തട്ടിപ്പ്. കഴിഞ്ഞ ദിവസം കറൻസിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി ലോട്ടറി ചില്ലറ വിൽപ്പനക്കാരനെ പറ്റിച്ചാണ് ഒരു യുവാവ് പണം തട്ടിയത്. തളിപ്പറമ്പ് നഗരത്തിലും പരിസരത്തും നടന്ന് ലോട്ടറി വിൽക്കുന്ന ചെങ്ങളായി സ്വദേശി നിതിൻ എന്ന യുവാവാണ് കബളിപ്പിക്കപ്പെട്ടത്.
200 രൂപയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി ശാരീരിക അവശതകളുള്ള നിതിനിന്റെ കൈയിൽ നിന്നും ലോട്ടറി വാങ്ങുകയായിരുന്നു. പിറ്റേ ദിവസം ലോട്ടറി സ്റ്റാളിൽ നിന്നും പണം കൈമാറി ലോട്ടറി എടുക്കുമ്പോഴാണ് തനിക്ക് പറ്റിയ ചതി നിതിൻ അറിയുന്നത്.
ബസ് സ്റ്റാൻഡിൽ നിന്ന് ഒരു യുവാവ് ആൾതിരിക്കില്ലാത്ത ഭാഗത്തേക്ക് വിളിച്ചു കൂട്ടിക്കൊണ്ടു പോയശേഷമാണ് ലോട്ടറി വാങ്ങി വഞ്ചിച്ചതെന്ന് നിതിൻ പറഞ്ഞു. ഒറ്റ നോട്ടത്തിൽ മനസിലാകാത്ത തരത്തിലുള്ളതാണ് വ്യാജനോട്ട്. ഇതിനു മുന്പും തളിപ്പറന്പിൽ സമാനമായ രീതിയിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ട്.