ചാവക്കാട്: ഒന്നരക്കോടി രൂപയുടെ നിരോധിത നോട്ടുകളുമായി അഞ്ചംഗസംഘം പിടിയിലായി. കോയന്പത്തൂർ സ്വദേശികളായ താജുദീൻ ഇബ്രാഹിം (37), ഫിറോസ്ഖാൻ (33), മുഹമ്മദ് റിഷാദ് (29), പാലക്കാട് പറളി സ്വദേശി ഹബീബ് (58), വടക്കാഞ്ചേരി സ്വദേശി ഷറഫുദീൻ (40) എന്നിവരെയാണ് ചാവക്കാട് പോലീസ് പിടികൂടിയത്.
ചാവക്കാട് ബൈപ്പാസ് ജംഗ്ഷനിൽ വാഹനപരിശോധനയ്ക്കിടയിലാണ് നോട്ടുകടത്തുസംഘം പിടിയിലായത്. ആയിരത്തിന്റെ 70 ലക്ഷം രൂപയും അഞ്ഞൂറിന്റെ 80 ലക്ഷം രൂപയും ഇവരിൽനിന്നു കണ്ടെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന രണ്ടുകാറും പോലീസ് കസ്റ്റഡിയിലെടുത്തു. പണം മുഴുവൻ ഒരുകാറിലാണ് സൂക്ഷിച്ചിരുന്നത്. കാറുകളിലൊന്ന് തമിഴ്നാട് രജിസ്ട്രേഷനും മറ്റൊന്ന് കേരള രജിസ്ട്രേഷനുമാണ്.
2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് വിപണിയിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകൾ നിരോധിച്ചതായി പ്രഖ്യാപിച്ചത്. നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ അവസരം നൽകിയിരുന്നെങ്കിലും നിശ്ചിത കാലപരിധിക്കുശേഷം ഇതും അവസാനിപ്പിച്ചു.