സ്വന്തം ലേഖകൻ
ന്യൂഡൽഹി: നോട്ടു നിരോധനത്തിന് അഞ്ചു വർഷം പൂർത്തിയാകുന്പോഴും പ്രഖ്യാപിത ലക്ഷ്യങ്ങൾ ഏറെ അകലത്തന്നെ.
കറൻസി വിനിമയം കുറച്ച് കാഷ്ലെസ് സൊസൈറ്റി ആക്കുമെന്നായിരുന്നു നോട്ട് നിരോധന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശ വാദം.
എന്നാൽ, ഇക്കാലയളവിൽ രാജ്യത്ത് കറൻസി നോട്ടുകളുടെ വിനിമയത്തിൽ വൻ വർധനവ് ആണുണ്ടായിരിക്കുന്നത്.
2016 നവംബർ എട്ടിനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നോട്ടു നിരോധനം പ്രഖ്യാപിച്ചത്.
എന്നാൽ, 2021 ഒക്ടോബർ എട്ടു വരെയുള്ള കണക്കുകളനുസരിച്ച് പൊതുജനത്തിന്റെ കൈവശമുള്ള കറൻസിയുടെ മൂല്യം 57.48 % വർധിച്ച് 28.30 ലക്ഷം കോടി രൂപയിൽ എത്തി നിൽക്കുന്നു.
2016 നവംബറിൽ നോട്ടുകളുടെ മൂല്യം 17.97 ലക്ഷം കോടി ആയിരുന്നു. ഇതാണ് ഇപ്പോൾ കഴിഞ്ഞ ഒക്ടോബറിനുള്ളിൽ 10.33 ലക്ഷം കോടി ഉയർന്നത്.
2016 നവംബർ 25 മുതലുള്ള കാലയളവിൽ ഈ തുകയിൽ 211% വർധനയുണ്ടായെന്നു റിസർവ് ബാങ്ക് തന്നെ വെളിപ്പെടുത്തി.
സാന്പത്തികമായി മുന്നാക്കം നിൽക്കുന്ന ടയർ വണ് നഗരങ്ങളിൽ 50% ഇ-കൊമേഴ്സ്യൽ ഇടപാടുകളും പണം ഉപയോഗിച്ചു തന്നെയാണ് നടക്കുന്നത്.
ടയർ ഫോർ നഗരങ്ങളിൽ പോലും 90% ഇടപാടുകളും പണം ഉപയോഗിച്ചു നടക്കുന്നു. രാജ്യത്ത് 15 കോടിയോളം വരുന്ന ആളുകൾക്ക് ഇപ്പോഴും സ്വന്തമായി ബാങ്ക് അക്കൗണ്ടില്ല.
റിസർവ് ബാങ്കിന്റെ തന്നെ കണക്കുകളനുസരിച്ച്, 2020 ഒക്ടോബർ 23ന് ജനങ്ങളുടെ കൈവശമുണ്ടായിരുന്ന പണത്തിൽ 15,582 കോടി രൂപയുടെ വർധനയുണ്ടായി.
ദീപാവലിക്കു മുന്നോടിയായിട്ടാണ് ഈ വർധന രേഖപ്പെടുത്തിയത്. അതുവരെ പ്രതിവർഷ അടിസ്ഥാനത്തിൽ 2.21 ലക്ഷം കോടി (8.5%) വർധനയാണ് ഇങ്ങനെ ഉണ്ടായത്.
നോട്ട് നിരോധനത്തിനു ശേഷം ആളുകൾ കൂടുതലായും ഡിജിറ്റൽ പേയ്മെന്റ് രീതികൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. പേടിഎം, ഗൂഗിൾ പേ തുടങ്ങിയ യുപിഐ ആപ്പുകൾ വഴിയുള്ള ഇടപാടുകളും ഇക്കാലയളവിൽ വർധിച്ചിരുന്നു.