ഒമ്പത് വർഷങ്ങൾക്കു മുമ്പ് നടന്നൊരു വാഹനാപകടമാണ് തായ്വാനിലെ തായ്പേയ് സ്വദേശിയായ ചെൻ ഹോംഗ് ഷീ എന്ന 26കാരന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചത്. അപകടത്തിനു ശേഷം ചെന്നിന് വളരെ കുറച്ചുള്ള സംഭവങ്ങൾ മാത്രമേ ഓർമയിൽ നിൽക്കുകയുള്ളു. മസ്തിഷ്ക്കത്തിനേറ്റ പരിക്കാണ് ഈ പ്രശ്നത്തിന് കാരണമായത്.
ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ കൈവശമുള്ള നോട്ട് ബുക്കിൽ കുറിച്ചു വെച്ചാണ് ചെൻ തന്റെ ഓർമകൾ നിലനിർത്തുന്നത്. ഓരോ ദിവസവും താൻ ആരയൊക്കെ സഹായിച്ചു, എത്രമാത്രം ജോലി ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് ചെൻ കുറിച്ചു സൂക്ഷിക്കുന്നത്.
തായ്വാനിലെ സിൻചു കൗണ്ടിയിലെ ഒരു കുഗ്രാമത്തിൽ 65 വയസുകാരിയായ രണ്ടാനമ്മയ്ക്കൊപ്പമാണ് ചെൻ താമസിക്കുന്നത്. നാല് വർഷങ്ങൾക്കു മുമ്പ് ചെന്നിന്റെ അച്ഛൻ മരണമടഞ്ഞു. തുടർന്ന് സർക്കാരിൽ നിന്നും ലഭിക്കുന്ന ചെറിയ പെൻഷൻ തുകയും വീടിനു സമീപമുള്ള കൃഷിയിൽ നിന്നുമുള്ള വരുമാനവുമാണ് ചെനിന്റെയും രണ്ടാനമ്മയുടെയും ഉപജീവനമാർഗം.
കൈവശം എപ്പോഴും ബുക്ക് കൊണ്ടു നടക്കുന്നതിനാൽ “നോട്ട്ബുക്ക് ബോയ്’ എന്ന വിളിപ്പേരിലാണ് ചെൻ ഗ്രാമത്തിൽ അറിയപ്പെടുന്നത്. ചെനിന്റെ മസ്തിഷ്ക്കത്തിനേറ്റ ക്ഷതം ഭേദമാകുന്നുണ്ടെന്നാണ് ചികിത്സിക്കുന്ന ഡോക്ടർ പറയുന്നത്. പഴയ ജീവിതത്തിലേക്കു മടങ്ങി വരുവാൻ ചെൻ നടത്തുന്ന പരിശ്രമം ഏറെ അഭിനന്ദനാർഹവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 5 മുതൽ 10 മിനിട്ടു വരെയുള്ള കാര്യങ്ങൾ മാത്രമേ ചെനിന്റെ ഓർമയിൽ നിൽക്കുകയുള്ളു. നോട്ട് ബുക്കിൽ കുറിച്ചു വച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചെൻ നഷ്ടപ്പെട്ടു പോയ മൊബൈൽ ഫോണ് കണ്ടെത്തിയിട്ടുണ്ട്.