പഠിക്കേണ്ട സമയത്ത് ഉഴപ്പി നടന്നശേഷം പരീക്ഷയാകുമ്പോള്‍ വെള്ളം കുടിക്കുന്ന ധാരാളം വിദ്യാര്‍ത്ഥികളുണ്ട്. പരീക്ഷാ ഹോളില്‍ കയറി ചോദ്യപേപ്പര്‍ കിട്ടിക്കഴിയുമ്പോഴാണ് മനസിലാവുന്നത് അറിയാവുന്നതൊന്നും ഇല്ലെന്ന്. പിന്നീട് എങ്ങനെയെങ്കിലും ജയിക്കാനുള്ള മാര്‍ഗം തേടലാണ്.
ചിലര്‍ മറ്റുള്ള കുട്ടികളുടേത് കോപ്പിയടിക്കും. ചിലര്‍ കോപ്പിയടിക്കാനുള്ള കടലാസുകളുമായി കയറും. എന്നാല്‍ പരീക്ഷയ്ക്ക് ജയിക്കാനായി ഉത്തര്‍പ്രദേശിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലടക്കം വാര്‍ത്തയായിരിക്കുന്നത്.
പരീക്ഷയ്ക്ക് ജയിപ്പിക്കണമെന്ന് അപേക്ഷിച്ച് വിദ്യാര്‍ഥികള്‍ പരീക്ഷ പേപ്പറില്‍ കൈക്കൂലി നല്കി. ഉത്തരക്കടലാസില്‍ കറന്‍സി നോട്ടുകള്‍ ഒട്ടിച്ച് സമര്‍പ്പിക്കുകയായിരുന്നു. 50, 100, 500 രൂപ നോട്ടുകളാണ് ഉത്തരകടലാസില്‍ ഒട്ടിച്ച് അയച്ചത്. ഉത്തര്‍പ്രദേശിലെ 12ാം ക്ലാസ് പരീക്ഷ പേപ്പറിലാണ് രസകരമായ സംഭവമുണ്ടായിരിക്കുന്നത്. അതേസമയം പരീക്ഷാഹാളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറ പ്രവര്ത്തരഹിതമായിരുന്നെന്നും അധികൃതര്‍ പറഞ്ഞു.
പരീക്ഷയില്‍ മോശം പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ പണം ഒട്ടിച്ചിരിക്കുന്നതെന്ന് മൂല്യ നിര്‍ണയത്തിന് എത്തിയ അധ്യാപകര്‍ പറഞ്ഞു. എന്നാല്‍, തങ്ങള്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമെ മാര്‍ക്കുകള്‍ നല്‍കുകയൊള്ളുവെന്നും ഉത്തരക്കടലാസില്‍ ഒട്ടിച്ച പണം ഒരാള്‍ പോലും എടുത്തിട്ടില്ലെന്നും അധ്യാപകര്‍ പറഞ്ഞു.