ഒരുപാട് ആശിച്ചു വാങ്ങിയ സൈക്കിള്‍ മോഷണംപോയതിന്റെ സങ്കടത്തിലാണ് തേവര എസ് എച്ച് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പവേല്‍ സമിത്.
കൊച്ചി സ്റ്റേഡിയം മെട്രോ സ്റ്റേഷന് പിറകിലാണ് പവേല്‍ സമിത് സൈക്കിള്‍ വെച്ചിട്ടു സ്കൂളിലേക്ക് പോകുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ 22ന് വൈകിട്ട് അഞ്ചരയോടെ സ്കൂള്‍ വിട്ട് തിരിച്ചു വന്നപ്പോള്‍ സൈക്കിള്‍ കാണാനില്ല.
എല്ലായിടത്തും അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. മറ്റെല്ലാ വഴിയും അടഞ്ഞപ്പോഴാണ് പവേല്‍ സ്മിത്തിന് ഒരു ഉപായം തോന്നിയത്.
സൈക്കിള്‍ മോഷണം പോയ സ്ഥലത്തു തന്നെ കള്ളനോട് സൈക്കിള്‍ തിരിച്ചു തരണം എന്ന് അപേക്ഷിച്ചു കൊണ്ടു ഒരു നോട്ടീസ് പതിച്ചു.
നോട്ടീസ് ഇങ്ങനെയാണ് ‘ ഞാന്‍ പവേല്‍ സമിത് തേവര എസ്എച്ച് സ്കൂളില്‍ പഠിക്കുന്നു. രാവിലെ ഇവിടെ സൈക്കിള്‍ വച്ചിട്ടാണ് സ്കൂളില്‍ പോകുന്നത്. ഇന്നലെ തിരിച്ചു വന്നപ്പോള്‍ക്കും സൈക്കിള്‍ നഷ്ടപ്പെട്ടു. ഒരുപാട് മോഹിച്ചു വാങ്ങിയതാണ്. എടുത്ത ചേട്ടന്മാര് തിരിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു- പവേല്‍ സമിത് 9037060798”.
പ്ലസ് വണിന് ചേര്‍ന്ന ശേഷമാണ് സൈക്കിള്‍ വാങ്ങിയത്. 25,000 രൂപ വില വരുന്ന ഗിയര്‍ സൈക്കിളാണ് ഇപ്പോള്‍ കാണാതെ പോയിരിക്കുന്നത്.
പോലീസില്‍ പരാതി നല്‍കിയെങ്കിലും സൈക്കിള്‍ കണ്ടെത്താനായില്ല. പവേല്‍ സ്മിത്തിന്റെ നോട്ടീസിന്റെ ചിത്രം പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ഈ നോട്ടീസ് കണ്ടു കള്ളന് സൈക്കിള്‍ തിരികെ വെക്കുമെന്ന പ്രതീക്ഷയിലാണ് പവേല്‍ സമിത്.