പാരീസ്: തീപിടിത്തത്തിൽ കത്തിനശിച്ച നോട്ടർഡാം കത്തീഡ്രൽ അഞ്ചുവർഷത്തിനുള്ളിൽ മനോഹരമായി പുനർനിർമിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. കത്തീഡ്രൽ മുൻപുള്ളതിനേക്കാൾ മനോഹരമായി പുനർനിർമിക്കാനുള്ള അവസരമായി ഈ ദുരന്തത്തെ പരിവർത്തിപ്പിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പുനർനിർമാണം അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കും. തങ്ങൾ അത് നിവർത്തിക്കും. 2024 പാരീസ് സമ്മർ ഒളിമ്പിക്സിന്റെ സമയം ആകുമ്പോഴേക്കും പുനർനിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായും മാക്രോൺ അറിയിച്ചു. അഞ്ച് വർഷത്തിനുള്ളിൽ പണികൾ പൂർത്തിയാക്കുമെന്നു മാക്രോൺ പ്രഖ്യാപിച്ചെങ്കിലും ദശാബ്ദങ്ങൾ ഇതിനായി വേണ്ടുവരുമെന്നാണ് വിദഗ്ധർ പറയുന്നത്.
പുനർനിർമാണ പ്രവർത്തനങ്ങൾക്കായി ഇതിനകം ഉദാരമതികൾ 80 കോടി യൂറോ സംഭാവന വാഗ്ദാനം ചെയ്തു. നിരവധി കമ്പനികളും ബിസിനസ് ഭീമൻമാരുമാണ് കത്തീഡ്രലിന്റെ പുനർനിർമാണത്തിനായി ഇതിനകം വൻതുകകൾ സംഭാവന ചെയ്തിരിക്കുന്നത്.
ഫ്രഞ്ച് ചരിത്രത്തിൽ നിരവധി അവിസ്മരണീയ മുഹൂർത്തങ്ങൾക്ക് വേദിയായ കത്തീഡ്രലാണ് നോട്ടർഡാം ദേവാലയം. കത്തീഡ്രലിന്റെ മേൽക്കൂരയും ഗോപു രവും തിങ്കളാഴ്ച വൈകുന്നേരമുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ചു. നാനൂറിലധികം അഗ്നിശമനപ്രവർത്തകർ മണിക്കൂറുകൾ ശ്രമിച്ചിട്ടാണു തീ നിയന്ത്രണ വിധേയമായത്.
850 വർഷത്തോളം പഴക്കമുള്ള കത്തീഡ്രലിന്റെ രണ്ടു മണിഗോപുരങ്ങൾക്കും പ്രധാന കെട്ടിടത്തിനും വലിയ കേടുപാടില്ല. കത്തീഡ്രലിലുണ്ടായിരുന്ന അമൂല്യ കലാവസ്തുക്കളും തിരുശേഷിപ്പുകളും തീയിൽ നിന്നു രക്ഷിച്ചു. ഇവ കത്തീഡ്രലിൽനിന്നു പുറത്തെത്തിക്കാൻ പാരീസ് നിവാസികൾ മനുഷ്യച്ചങ്ങല തീർത്തു. കലാവസ്തുക്കൾ ലുവ്റെ മ്യൂസിയത്തിലേക്കു മാറ്റുമെന്ന് അധികൃതർ പറഞ്ഞു. 13,000 ഓക്ക് തടികൾ ഉപയോഗിച്ചു നിർമിച്ച മേൽക്കൂര കത്തിനശിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 6.45നാണ് ആദ്യ അപായ മുന്നറിയിപ്പു ലഭിച്ചത്. ദിവ്യബലിക്കുശേഷം വിശ്വാസികൾ പുറത്തുപോയിക്കഴിഞ്ഞിരുന്നു. തിങ്കളാഴ്ച രാത്രി മുഴുവൻ അധ്വാനിച്ചാണ് തീകെടുത്തിയത്.