സ്വന്തം ലേഖകൻ
തൃശൂർ: നോട്ടയ്ക്ക് കുത്താമെന്ന് കരുതി തദ്ദേശ തെരഞ്ഞെടുപ്പിൽ ആരും പോളിംഗ് ബൂത്തിലേക്ക് പോകണ്ട.
നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ ആരെയും താത്പര്യമില്ലെങ്കിൽ വോട്ടർക്ക് നോട്ടയിൽ വോട്ടു രേഖപ്പെടുത്താൻ അധികാരമുണ്ടെങ്കിലും തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് ഇടമില്ല.
പകരം വോട്ട് ചെയ്യാതിരിക്കാൻ അവസരം നൽകി ’എൻഡ്’ എന്നൊരു ബട്ടൻ വോട്ടിഷ് മെഷീനിൽ ഉണ്ടാവും.
തദ്ദേശതിരഞ്ഞെടുപ്പിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളിൽ ആർക്കും വോട്ടുചെയ്യാൻ താൽപര്യമില്ലെങ്കിൽ ആദ്യമേ എൻഡ് ബട്ടണ്‍ അമർത്തി മടങ്ങാം.
ഇഷ്ടമുള്ള സ്ഥാനാർത്ഥിക്കു വോട്ടുചെയ്തശേഷം എൻഡ് ബട്ടണ്‍ അമർത്താനും അവസരമുണ്ട്. വോട്ടർ എൻഡ് ബട്ടണ്‍ അമർത്തിയില്ലെങ്കിൽ പോളിങ് ഉദ്യോഗസ്ഥൻ ബട്ടണ്‍ അമർത്തി യന്ത്രം സജ്ജീകരിക്കണം.
ഒരു ബാലറ്റ് യൂണിറ്റിൽ 15 സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ഏറ്റവും താഴെ എൻഡ് ബട്ടണുമാണുണ്ടാവുക. സ്ഥാനാർത്ഥികൾ 15ൽ കൂടുതലുണ്ടെങ്കിൽ രണ്ടു ബാലറ്റ് യൂണിറ്റുകളുണ്ടാകുമെങ്കിലും എൻഡ് ബട്ടണ്‍ ഒന്നാമത്തേതിലാകും.
മുനിസിപ്പാലിറ്റി, കോർപറേഷൻ തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന സിംഗിൾ പോസ്റ്റ് യന്ത്രങ്ങളിൽ എൻഡ് ബട്ടണ്‍ ഇല്ല. എന്നാൽ വോട്ടർ കയ്യിൽ മഷി പുരട്ടിയ ശേഷം വോട്ടു ചെയ്യാതെ മടങ്ങിയാൽ അതു പോളിംഗ് ഓഫീസർ രേഖപ്പെടുത്തും.