പത്തനംതിട്ട: സിവിൽ സപ്ലൈസ് കോർപറേഷൻ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ താത്കാലിക നിയമനങ്ങൾ നടക്കുന്നതായി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികർ പത്രസമ്മേളനത്തിൽ പറഞ്ഞു.
റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടത്താതെ ഉദ്യോഗാർഥികളെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ലോക്സഭ തെരഞ്ഞെടുപ്പിൽ നോട്ടയ്ക്കു വോട്ടു രേഖപ്പെടുത്താൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.റാങ്ക് ലിസ്റ്റിൽ 1000 ത്തോളം ഉദ്യോഗാർഥികൾ ഉൾപ്പെട്ടിട്ടുണ്ട്.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷം സിവിൽ സപ്ലൈസ് കോർപറേഷൻ ഭാഗത്തുനിന്നു ഉദ്യോഗസ്ഥർക്ക് അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല. റാങ്ക് ലിസ്റ്റ് നിലവിൽ വന്ന 2017 ഡിസംബർ മുതൽ 2018 ഡിസംബർവരെ 38 നിയമനങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്.
ഒഴിവുകൾ മനഃപൂർവം മറച്ചുവച്ച് താത്കാലികക്കാരെ തിരുകി കയറ്റുകയാണിപ്പോൾ. നിലവിൽ പത്തനംതിട്ട ജില്ലയിൽ മാത്രം അസിസ്റ്റന്റ് സെയിൽസ് മുൻ തസ്തികയിൽ 104 ഒഴിവുകൾ ഉണ്ട്. 95 ഒൗട്ട്ലെറ്റുകൾ കോർപറേഷന് ഉള്ളപ്പോൾ തന്നെ 72 പേരാണ് ജോലിയിലുള്ളത്.
ഒന്നിലധികം തസ്തികകൾ സൂപ്പർ ബസാർ, ഹൈപ്പർമാർക്കറ്റ്, മാവേലി സ്റ്റോറുകളിലുള്ളതാണ്. സംസ്ഥാന വ്യാപകമായി ഇതേ സ്ഥിതിയാണ് നിലവിലുള്ളത്. വകുപ്പുമന്ത്രിയെ സമീപിച്ചിട്ടും അനുകൂലമായ സമീപനമുണ്ടായില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.