ചിങ്ങവനം: കോളജ് വരാന്തയിൽ മദ്യപസംഘം തന്പടിക്കുന്നു. നാട്ടകം ഗവണ്മെന്റ് കോളജിനുള്ളിൽ കടന്നാണ് മദ്യപസംഘം വിലസുന്നത്. മിക്ക ദിവസവും രാവിലെ വരാന്തയിൽ ഉപേക്ഷിക്കുന്ന മദ്യക്കുപ്പികളും നിരോധിത പുകയില ഉത്പന്നങ്ങളുടെ കവറുകളും നീക്കം ചെയ്യേണ്ട ഗതികേടിലാണ് ജീവനക്കാർ. അവധി കഴിഞ്ഞുള്ള ദിവസങ്ങളിൽ കുപ്പികളുടെ എണ്ണം കൂടും.
സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം നിത്യ സംഭവമായിട്ടും ചിങ്ങവനം പോലീസിന് ഒന്നും ചെയ്യാനാകുന്നില്ല. പൂർണമായും ചുറ്റുമതിൽ ഇല്ലാത്ത കോളജിൽ രാത്രിയിൽ മദ്യപസംഘങ്ങൾ കയ്യേറുകയാണ് പതിവ് . അവധി ദിവസങ്ങളിൽ പകൽ സമയത്തും കോളജിനുള്ളിൽ മദ്യപസംഘങ്ങൾ സജീവമാണ്. മദ്യ ഉപയോഗത്തിനുശേഷം കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും എല്ലാം പരിസരങ്ങളിൽ വലിച്ചെറിയും.
തിങ്കളാഴ്ച രാവിലെ കോളജിലെത്തിയ ജീവനക്കാരും കുട്ടികളും അധ്യാപകരും ചേർന്ന് വരാന്തയും പരിസരങ്ങളും വൃത്തിയാക്കിയ ശേഷമാണ് പഠനം ആരംഭിക്കാനായത്. നിരോധിത ലഹരി മരുന്ന് വസ്തുക്കളും അവയുടെ പായ്ക്കറ്റുകളും സിഗരറ്റും ഒക്കെ വരാന്തയിൽ കൂടി വിതറിയിരുന്നു. എല്ലാ അവധി ദിവസങ്ങൾക്കു ശേഷവും ഇതേ അവസ്ഥ തന്നെയാണെന്ന് അധ്യാപകർ പറഞ്ഞു.
കോളജിലെ സാധന സാമഗ്രികൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. പല തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും വേണ്ട ശ്രദ്ധ ഉണ്ടാകുന്നില്ല. പോലീസിന്റെ ഭാഗത്ത് നിന്നും രാത്രിയിലെ പട്രോളിംഗ് സജീവമാക്കണമെന്ന് ആവശ്യമുയരുന്നു. ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ട നിലവിലെ തടസങ്ങൾ നീക്കി ചുറ്റുമതിൽ നിർമാണം പൂർത്തിയാക്കി സുരക്ഷിതത്വം ഉണ്ടാക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.