തിരുവനന്തപുരം: നോട്ടറിമാർക്കു തങ്ങളുടെ അധികാര പരിധിക്കു പുറത്തുള്ള അന്യസംസ്ഥാനങ്ങളിലെ മറ്റു സർട്ടിഫിക്കറ്റുകളും രേഖകളും സാക്ഷ്യപ്പെടുത്താനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എൻ.എ. നെല്ലിക്കുന്നിന്റെ സബ്മിഷനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
അന്യസംസ്ഥാനങ്ങളിൽനിന്നു നൽകുന്ന ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ അറ്റസ്റ്റ് ചെയ്യേണ്ടത് അതതു സംസ്ഥാനങ്ങളായതിനാൽ അവയുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്താൻ കേരളത്തിലെ ആഭ്യന്തര വകുപ്പിനു പരിമിതികളും പ്രായോഗിക ബുദ്ധിമുട്ടുകളുമുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കും.
സംസ്ഥാനത്തിനകത്തുനിന്നു ലഭിച്ചിട്ടുള്ള ജനന, മരണ, വിവാഹ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും ഇതര രേഖകളും വിദേശ എംബസികളിൽ സമർപ്പിക്കാനായാണ് രേഖകൾ ആഭ്യന്തര വകുപ്പ് പ്രധാനമായും അറ്റസ്റ്റ് ചെയ്തു നൽകുന്നത്.
വിവിധ രാജ്യങ്ങളിലെ എംബസികളിൽ സമർപ്പിക്കാനുള്ള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഒഴികെയുള്ള സർട്ടിഫിക്കറ്റുകളിലും രേഖകളിലും നോട്ടറിയുടെ ഒപ്പാണ് ആഭ്യന്തര വകുപ്പ് അറ്റസ്റ്റ് ചെയ്ത് നൽകുന്നത്. സർക്കാർ നേരിട്ടു സാക്ഷ്യപ്പെടുത്തേണ്ട വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് പോലെയുള്ള രേഖകൾ ബന്ധപ്പെട്ട ഓഫീസുകളിലെ രേഖകളുമായി ഒത്തുനോക്കി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം നൽകിവരുന്നു.