കോഴിക്കോട്: ബുള്ളറ്റ് ഷോറൂമില്‍ നിന്ന് ബൈക്കും പണവും കവര്‍ന്ന കേസിലെ പ്രതി താനൂര്‍ ഒഴൂര്‍ കോറാട്ട് പൈനാട്ട് വീട്ടില്‍ പി.നൗഫല്‍ നയിച്ചത് ആഢംബര ജീവിതം. 16 ദിവസത്തിനുള്ളില്‍ ഒന്നരലക്ഷം രൂപയും നൗഫല്‍ ചെലവഴിച്ചു. ചെന്നൈയിലും ബംഗളൂരുവിലും ആഢംബര ജീവിതമായിരുന്ന നൗഫലിന്റേത്. നേരത്തെയും വിവിധ സ്ഥലങ്ങളില്‍ മോഷണം നടത്തിയ ശേഷം നൗഫല്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു.
ജയിലില്‍ നിന്നിറങ്ങിയ ശേഷവും ഇപ്രകാരം റെയില്വേസ്റ്റേഷന് സമീപം എത്തിയപ്പോഴാണ് ബുളളറ്റ് ഷോറൂം കണ്ടത്. പിന്നീട് ഇവിടെ കവര്‍ച്ച നടത്തുകയായിരുന്നു. ബൈക്കിനോട് കമ്പമില്ലാതിരുന്നിട്ടും രക്ഷപ്പെടാനുള്ള മാര്‍ഗമായാണ് പുത്തന്‍ ബുള്ളറ്റ് മോഷ്ടിച്ചത്. എന്നാല്‍ ഇതോടിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നതായി നൗഫല്‍ പോലീസിന് മൊഴി നല്കി. തുടര്‍ന്ന് കുറ്റിപ്പുറം റെയില്വേസ്റ്റേഷന് സമീപത്തുള്ള കടയ്ക്കു മുന്നില്‍ ബൈക്ക് നിര്‍ത്തിയിട്ടു.
ഷോറൂമില്‍നിന്ന് മോഷ്ടിച്ച ബാഗും ടീഷര്‍ട്ടും ഗ്ലൗസും ബൈക്കിന്റെ കീയും ബാഗിലാക്കി ട്രെയിന്‍ കയറി. യാത്രയ്ക്കിടെ ഈ ബാഗ് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ചെന്നൈയില്‍ എത്തി. ഇവിടെ നിന്നും ടാക്സിയിലായിരുന്നു യാത്രകള്‍. ചെന്നൈയിലെ മാളില്‍ കയറി ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് ഗെയിം സെന്റര്‍ ശ്രദ്ധയില്‍പ്പെട്ടത്. പിന്നെ പണംവച്ചു ഗെയിം കളിച്ചു. അവിടെ കുറച്ച് ദിവസം ചെലവഴിച്ച ശേഷമാണ് ബംഗളൂരുവിലെത്തിയത്.
ഇവിടെനിന്ന് പണം പൂര്‍ണമായും ചെലവഴിച്ചു. ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാതായതോടെ കൂള്‍ബാറില്‍ ജോലിചെയ്യുകയായിരുന്നു. അതിനിടെയാണ് അന്വേഷണസംഘത്തിന് നൗഫല്‍ ബംഗളുരുവിലുണ്ടെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. പിന്നീട് കുറ്റിപ്പുറത്തെത്തിയപ്പോഴാണ് റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് ബുധനാഴ്ച പിടികൂടിയത്.
കഴിഞ്ഞമാസം 19ന് പുലര്‍ച്ചെ മൂന്നര മണിയോടെ കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ ബ്ലൂ മൗണ്ടൈന്‍ ഓട്ടോ ഷോറൂമിലാണ് മോഷണം നടന്നത്. സംഭവത്തിനുശേഷം സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നു. ഇയാള്‍ പെരിന്തല്‍മണ്ണയിലെ ബുള്ളറ്റ്ഷോറൂമിലും സമാനമായ രീതിയില്‍ കളവ് നടത്തിയിരുന്നു. പ്രതിയെ അന്വേഷിച്ച് താനൂര്‍, പൊന്നാനി ഭാഗങ്ങളില്‍ ചെന്നെങ്കിലും ഇയാള്‍ വീട്ടിലേക്ക് പോകാറില്ലെന്ന് പോലീസിന് മനസിലായി.
സെപ്റ്റംബര്‍ 16ന് പരപ്പനങ്ങാടി ജയിലില്‍നിന്നും ഇറങ്ങിയ ഇയാള്‍ 19നാണ് കവര്‍ച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പ്രതി രൂപമാറ്റം നടത്തിയിരുന്നു. പ്രത്യേക അന്വേഷണസംഘം വിവിധ സ്ഥലങ്ങളില്‍ രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി കുറ്റിപ്പുറം ഭാഗങ്ങളിലുള്ള വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്നാണ് കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന് പരിസരത്തുവച്ച് ഇയാളെ സാഹസികമായി അറസ്റ്റുചെയ്തത്. പിന്നീട് നൗഫലിനെ ഷോറൂമിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ടൗണ്‍ സിഐ എ.ഉമേഷിന്റെ നേതൃത്വത്തില്‍ സൗത്ത് അസി.കമ്മീഷണര്‍ എ.ജെ.ബാബുവിന്റെ കീഴിലുള്ള സ്പെഷ്യല്‍ സ്ക്വാഡും എസ്ഐ ബിജിത്തും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ ഇ.മനോജ്, കെ.അബ്ദുള്‍റഹ്മാന്‍ , രണ്‍ദീര്‍, രമേഷ്ബാബു, സി.കെ.സുജിത്ത്, പി.ഷാഫി, ടൗണ്‍ പോലീസ് സ്റ്റേഷനിലെ ഷബീര്‍, ഉദയന്‍, ബിനില്‍, സതീശന് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.