കോഴിക്കോട്: നിക്ഷേപകര്‍ക്ക് പലിശയ്ക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്ത് സ്വകാര്യ കമ്പനി തട്ടിയെടുത്തത് കോടികള്‍. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ ഹീര ഗ്രൂപ്പിന്റെ ഹീര ഗോള്‍ഡാണ് തട്ടിപ്പ് നടത്തിയത്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തട്ടിപ്പു നടത്തിയ കമ്പനിയുടെ ചതിയില്‍ 500 ഓളം മലയാളികളാണ് ഇരകളായത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുമാസം മുമ്പാണ് നിക്ഷേപരില്‍ ചിലര്‍ ചെമ്മങ്ങാട് പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസിന് 500 ഓളം പേര് വിവിധ ജില്ലകളില്‍ നിന്നായി തട്ടിപ്പിനിരയാക്കിയതായാണ് വിവരം ലഭിച്ചത്. ഇതു കൂടാനും സാധ്യതയുണ്ടെന്ന് ചെമ്മങ്ങാട് പോലീസ് അറിയിച്ചു.
നിലവില്‍ 17 പേര് വ്യക്തമായ രേഖകള്‍ സഹിതം പരാതി നല്‍കിയിട്ടുണ്ടെന്നും മുംബൈയിലെ ജയിലില്‍ കഴിയുന്ന ഹീരാഗ്രൂപ്പ് മേധാവി നൗഫീറ ഷെയ്ഖിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതി വഴി അപേക്ഷ നല്‍കുമെന്നും ചെമ്മങ്ങാട് എസ്ഐ ലക്ഷ്മി “രാഷ്ട്രദീപിക’യോട് പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലെല്ലാം നൗഫീറ ഷെയ്ഖിനെതിരേ കേസുകള്‍ നിലവിലുണ്ട്. ഈ കേസില്‍ അറസ്റ്റിലായ നൗഫീറ മുംബൈയിലെ ജയിലിലാണുള്ളത്.
ഒരുതവണ ജയിലില്‍ നേരിട്ടെത്തിയെങ്കിലും ചോദ്യം ചെയ്യാനോ മറ്റു നടപടികള്‍ക്കോ അനുമതി നല്‍കിയില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം കോഴിക്കോട് കേസ് രജിസ്റ്റര്‍ ചെയ്തതിനു തൊട്ടുപിന്നാലെ നൗഫീറ മുന്‍കൂര്‍ ജാമ്യമെടുക്കുകയും ചെയ്തിട്ടുണ്ട്.
സ്വര്‍ണക്കട്ടകളും സ്വര്‍ണത്തരികളും ഇറക്കുമതിയും കയറ്റുമതിയും ചെയ്തുകൊണ്ടായിരുന്നു ഹീര ഗോള്‍ഡ് എക്സ്പോര്‍ട്ട്സ് ആന്‍ഡ് ഇംപോര്‍ട്ട്സ് പ്രവര്‍ത്തനം തുടങ്ങുന്നത്. ഹീര ഗോള്‍ഡ്, ഹീര ജ്വല്ലേഴ്സ്, ഹീര ടെക്സ്റ്റയില്‍സ്, ഹീര ഡെവലപ്പേഴ്സ്, ഫാന്‍സി വേള്‍ഡ്, ഹീര ഇസ്ലാമിക് യൂനിവേഴ്സിറ്റി, ഇസ്ലാമിക് ഇന്റര്‍നാഷനല്‍ സ്കൂള്‍, ഇന്റര്‍നാഷനല്‍ ദഅ്വ സെന്റര്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളാണ് വിവിധ രാജ്യങ്ങളില്‍ ഹീര ഗ്രൂപ്പിനു കീഴിലുള്ളത്. ഒരു ദശകത്തിനിടയില്‍ വിശ്വാസ്യത നേടിയ കമ്പനി വ്യാപകമായാണ് നിക്ഷേപകരില്‍ നിന്ന് ധനസമാഹരണം നടത്തിയത്. പലിശ ഒഴിവാക്കി നിക്ഷേപം നടത്താനുള്ള അവസരമുണ്ടെന്നതായിരുന്നു നിക്ഷേപകരെ ആകര്ഷിപ്പിക്കാന് കാരണം.
ഒരു ലക്ഷം രൂപക്ക് 3200 മുതല്‍ 4500 രൂപവരെയായിരുന്നു പ്രതിമാസ വാഗ്ദാനം. മൂന്നുമാസം കൂടുമ്പോള്‍ ലാഭവിഹിതം വിതരണം ചെയ്യുമെന്നും പറഞ്ഞിരുന്നു. നൗഫീറ നേരിട്ടെത്തിയാണ് കോഴിക്കോട് നിന്ന് നിക്ഷേപകരില്‍ നിന്നും കോടികള്‍ സമാഹരിച്ചത്. പലര്‍ക്കും തുടക്കത്തില്‍ ലാഭവിഹിതം ലഭിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മെയ് മാസത്തോടെ ഇതില്ലാതായി. ഇതോടെയാണ് പരാതിയുമായി നിക്ഷേപകര്‍ പോലീസിനു മുന്നിലെത്തിയത്.
തലശേരി സ്വദേശി 70 ലക്ഷം രൂപയും കോഴിക്കോട് സ്വദേശി 30 ലക്ഷം രൂപയും നിക്ഷേപിച്ചിരുന്നു. ഇവര്‍ പോലിസില്‍ പരാതിയുമായെത്തിയതോടെ മറ്റുള്ളവരും രംഗത്തെത്തി. തുടര്‍ന്ന് ചെമ്മങ്ങാട് പോലിസ് കമ്പനി ഗ്രൂപ്പ് മേധാവിയെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
പിന്നീട് അന്വേഷണത്തിന്റെ ഭാഗമായി ഇടിയങ്ങരയിലുള്ള കമ്പനി ഓഫിസ് പോലിസ് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു. നിലവില്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നാണ് നിക്ഷേപകര്‍ പറയുന്നത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ നിന്നായി കബളിപ്പിക്കപ്പെട്ടവര്‍ കോഴിക്കോട്ട് സംഘടിച്ച് നിയമ നടപടിക്കൊരുങ്ങുകയാണ്.