തൃശൂർ: പുന്ന നൗഷാദിനെ കൊലപ്പെടുത്തുമെന്ന് എസ്ഡിപിഐ എഫ്ബി ഗ്രൂപ്പിലെ ഫേസ്ബുക്ക് ആഹ്വാനം പുറത്ത്. 2013 മാർച്ച് ആറിനും ഏഴിനുമാണ് ഫേസ്ബുക്ക് ഗ്രൂപ്പിൽ നൗഷാദിനെ ഇല്ലാതാക്കണമെന്ന ആഹ്വാനമുണ്ടായത്. പുന്ന സെന്ററിൽ എസ്ഡിപിഐ പ്രവർത്തകൻ നസീബിന് നേരയെുണ്ടായ ആക്രമണ ശ്രമത്തിനു പിന്നാലെയാണ് നൗഷാദിനെ വകവരുത്തണമെന്ന കമന്റുകളും പോസ്റ്റും.
നസീബിനു നേരെനടന്ന അക്രമത്തിനു നേതൃത്വം നൽകിയത് നൗഷാദാണെന്നും മുതലും പലിശയും ചേർത്ത് തിരിച്ച് കൊടുക്കണമെന്നും പറഞ്ഞുള്ള കമന്റുകൾ ഗ്രൂപ്പിൽനിന്ന് പുറത്തുവന്നിട്ടുണ്ട്. പോസ്റ്റിൽ കമന്റ് ചെയ്തവരോട് കാത്തിരിക്കാൻ ആവശ്യപ്പെടുന്ന മറുപടിയും ഗ്രൂപ്പിലുണ്ട്.
’പള്ളിക്കാട്ടിൽ കുഴിവെട്ടി റെഡിയായി ഇരുന്നോളാൻ പറ’ നൗഷാദിനെ കൊല്ലാനാള് വരും. പോസ്റ്റിൽ പറയുന്നു. എന്നാൽ, എസ്ഡിപിഐയുടെ ഒൗദ്യോഗിക ഗ്രൂപ്പല്ലെന്നും പ്രവർത്തകർ സ്വയം ഉണ്ടാക്കിയ ഗ്രൂപ്പിനു ആഹ്വാനത്തിനും എസ്ഡിപിഐക്ക് പങ്കില്ലെന്നും മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇതിനിടെ, കൊലപാതകത്തിൽ പങ്കെടുത്തവരിൽ നാലുപേരെ പോലീസ് തിരിച്ചറിഞ്ഞു. അറസ്റ്റ് ഉടനെ നടക്കാൻ സാധ്യതയുണ്ട്.
കൊലയ്ക്ക് മുന്പും ശേഷവും പ്രതികളെ സഹായിച്ചത് കാരി എന്നറിയപ്പെടുന്ന ഷാജിയാണ്. ഇയാളാണ് പ്രതികളുടെ സഹായിയെന്നാണ് പോലീസ് നിഗമനം. സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് മുങ്ങിയവരേയും പോലീസ് അന്വേഷിക്കുന്നു.
പുന്ന പുതുവീട്ടിൽ മൊയ്തീൻ കുഞ്ഞിയുടെയും സൈനബയുടെയും മകനായ നൗഷാദി(പുന്ന നൗഷാദ് -43)ന്റെ കൊലപാതകത്തിൽ പോലീസ് ഉൗർജിതമായ അന്വേഷണം തന്നെയാണ് നടത്തുന്നത്. സ്ഥലത്ത് ഇപ്പോഴും കനത്ത പോലീസ് കാവലുണ്ട്. കോണ്ഗ്രസ് ബൂത്ത് പ്രസിഡന്റായ നൗഷാദിന്റെ വീട്ടിൽ ഇന്നു രാത്രി ഉമ്മൻചാണ്ടി എത്തും.