പത്തനംതിട്ട: നൗഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യ അഫ്സാന വിട്ടുകൊടുക്കാന്‍ തയാറല്ല. ഇന്ന് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷന്, വനിതാ കമ്മീഷന് എന്നിവര്‍ക്കു പരാതി നല്‍കുമെന്ന് അഫ്സാന അറിയിച്ചു.
ഭര്‍ത്താവ് നൗഷാദിനെ കാണാതായതുമായി ബന്ധപ്പെട്ടു തന്നെ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം ക്രൂരമായി മര്‍ദിച്ചെന്നും കുരുമുളക് സ്പ്രേ പ്രയോഗം നടത്തിയെന്നും പട്ടിണിക്കിട്ടെന്നുമാണ് അഫ്സാനയുടെ പരാതി.
ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന തരത്തില്‍ മൊഴി ലഭിക്കുന്നതിനുവേണ്ടി പോലീസ് ശ്രമിച്ചുവെന്നും അഫ്സാന കുറ്റപ്പെടുത്തി. പോലീസ് കസ്റ്റഡിയിലെ ക്രൂര പീഡനത്തിനൊടുവിലാണ് നൗഷാദിനെ താന്‍ കൊന്നുവെന്ന മൊഴി നല്‍കിയത്.
ജാമ്യം ലഭിച്ചു വീട്ടിലെത്തിയ അഫ്സാനയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകളേറെയുള്ളതായി പറയുന്നു. നടക്കാനോ അധികസമയം നില്‍ക്കാനോ കഴിയുന്നില്ല. ഇന്നലെ ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. തിരുവനന്തപുരത്തു താമസിച്ചു ചികിത്സ തുടരാനാണ് തീരുമാനം.
അന്വേഷണം തുടങ്ങി
അഫ്സാനയുടെ ആരോപണങ്ങളില്‍ വകുപ്പുതല അന്വേഷണം പോലീസ ആരംഭിച്ചു. പത്തനംതിട്ട അഡീഷണല്‍ എസ്പി ആര്. പ്രദീപ്കുമാറിനാണ് അന്വേഷണച്ചുമതല.
ദക്ഷിണമേഖല ഡിഐജി ആര്. നിശാന്തിനിയുടെ നിര്‍ദേശപ്രകാരം ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനാണ് അഡീഷണല്‍ എസ്പിയെ അന്വേഷണത്തിനു നിയോഗിച്ചത്.അഫ്സാനയുടെ ആരോപണങ്ങള്‍ കോന്നി ഡിവൈഎസ്പി ടി. രാജപ്പന് റാവുത്തര്‍ നിഷേധിച്ചിരുന്നു.
കേസുമായ ബന്ധപ്പെട്ട എല്ലാ രേഖകളും മൊഴികളും പോലീസിന്റെ പക്കലുണ്ടെന്നും ആവശ്യമായ ഘട്ടത്തില്‍ ബന്ധപ്പെട്ടവര്‍ക്കും കോടതിക്കും കൈമാറുമെന്നും ഡിവൈഎസ്പി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. അന്വേഷണം വഴിതെറ്റിക്കല്‍, കബളിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് അഫ്സാനയെ കോടതിയില്‍ ഹാജരാക്കിയത്. കൊലപാതകക്കുറ്റം ഒരു ഘട്ടത്തിലും പോലീസ് ഇവര്‍ക്കുമേല്‍ ചുമത്തിയിട്ടില്ലെന്നുമാണ് പോലീസ് വിശദീകരണം.
കോണ്‍ഗ്രസ് പിന്തുണയ്ക്കും
നൗഷാദ് തിരോധാനക്കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ ക്രൂരപീഡനത്തിന് ഇരയാകേണ്ടിവന്ന ഭാര്യ അഫ്സാനയുടെ നിയമപോരാട്ടത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു പറഞ്ഞു.
കുത്തിപ്പൊളിച്ച വീടിനു നഷ്ടപരിഹാരം തേടി ഉടമ
നൗഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മൃതദേഹം കണ്ടെത്താനെന്ന പേരില്‍ തന്റെ വീട് കുത്തിപ്പൊളിച്ചതിനെതിരേ വീട്ടുടമ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്കി.
കുത്തിപ്പൊളിച്ച വീടും പരിസരവും നന്നാക്കി നല്‍കണമെന്ന് പരുത്തിപ്പാറയില്‍ പാലമുറ്റത്ത് ബിജു കുമാറിന്റെ പരാതിയില്‍ പറയുന്നു.
ബിജു കുമാറിന്റെ വീട്ടില്‍ നൗഷാദും അഫ്സാനയും താമസിച്ചുവരവേയാണ് കാണാതായത്. ഇവിടെവച്ച് നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് അഫ്സാന മൊഴി നല്‍കിയെന്ന പേരിലാണ് വീടിനുള്ളിലും പരിസരങ്ങളിലും കുഴിയെടുത്ത് പരിശോധിച്ചത്.
അടുക്കളഭാഗത്ത് രണ്ടിടത്തും കിടപ്പുമുറിയിലുമാണ് കുഴി എടുത്തിരിക്കുന്നത്. സെപ്റ്റിക് ടാങ്കിന്റെ ഭാഗത്തും പരിശോധന നടത്തി. വീട് ഉപയോഗിക്കാനാകാത്ത വിധം നശിപ്പിച്ചു.
ഇത്തരമൊരു പരിശോധന തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഭക്ഷണം പോലും നല്‍കാതെ തന്നെ ഒരുദിവസം അന്വേഷണസംഘം പിടിച്ചിരുത്തിയതായും ബിജു ആരോപിച്ചു.