ലണ്ടൻ: അമേരിക്കയിലെ നൊവാവാക്സ് കന്പനി വികസിപ്പിച്ച വാക്സിൻ കോവിഡ് രോഗാണുവിന്റെ ബ്രിട്ടീഷ് വകഭേദത്തിനെതിരേ ഫലപ്രദമാണെന്നു തെളിഞ്ഞു.
ബ്രിട്ടനിൽ നടത്തിയ മൂന്നാംഘട്ട പരീക്ഷണത്തിൽ, വാക്സിൻ സാധാരണ വൈറസിനെതിരേ 89.3ഉം ബ്രിട്ടീഷ് വകഭേദം വൈറസിനെതിരേ 86ഉം ശതമാനം ഫലപ്രദമാണെന്നാണു കണ്ടെത്തിയത്.
അതേസമയം, ദക്ഷിണാഫ്രിക്കൻ വകഭേദം വൈറസിനെ ചെറുക്കുന്നതിൽ 60 ശതമാനം ഫലക്ഷമതയേ ഉള്ളൂ. 18നും 84നും ഇടയിൽ പ്രായമുള്ള 15,000 പേരാണു പരീക്ഷണത്തിൽ പങ്കെടുത്തത്.
മറ്റു വാക്സിനുകളെപ്പോലെ രണ്ടു ഡോസുകളായിട്ടാണു നൊവാവാക് സും കുത്തിവയ്ക്കേണ്ടത്. അതേസമയം, ഒക്സ് ഫെഡ്(ഇന്ത്യയിലെ കോവിഷീൽഡ്) വാക്സിൻ പോലെ സാധാരണ റെഫ്രിജറേറ്ററിൽ സൂക്ഷിക്കാമെന്നതിനാൽ വിതരണം ചെയ്യാൻ എളുപ്പമാണ്.
ഈ വർഷം മധ്യത്തോടെ നൊവാവാക്സ് വാക്സിൻ വിതരണം ചെയ്യാനാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ആറു കോടിഡോസുകൾക്കു ബ്രിട്ടൻ ഓർഡർ നല്കിയിട്ടുണ്ട്. ഫൈസർ – 95 ശതമാനം, മോഡേണ-92 ശതമാനം, ഒാക്സ്ഫെഡ് – 70 ശതമാനം എന്നിങ്ങനെയാണ് മറ്റു വാക്സിനുകളുടെ ഫലക്ഷമത.