നോട്ട് നിരോധനം വൻ വിജയമായിരുന്നുവെന്ന വാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ട്വിറ്ററിൽ എത്തി. നോട്ട് നിരോധനം ജനം ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായുള്ള തന്റെ സർക്കാരിന്റെ പോരാട്ടം വിജയം കണ്ടുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സർക്കാരിന്റെ ഇത്തരം ശ്രമങ്ങളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ജനങ്ങൾക്കു മുന്നിൽ തലകുനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നോട്ടു നിരോധനത്തിന്റെ നേട്ടങ്ങൾ എന്ന പേരിൽ ഒരു വീഡിയോയും മോദി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കള്ളപ്പണത്തെയും അഴിമതിയേയും ഇല്ലാതാക്കാൻ എടുത്ത നടപടികളെക്കുറിച്ച് ജനങ്ങൾക്ക് നരേന്ദ്ര മോദി ആപ്പിൽ അഭിപ്രായം രേഖപ്പെടുത്താനും മോദി ആഹ്വാനം ചെയ്തു.
ഇന്നു കള്ളപ്പണ വിരുദ്ധദിനമായി ആഘോഷിച്ച് നോട്ട് നിരോധനം വിജയമായിരുന്നെന്നു കാണിക്കാനാണു ബിജെപി തീരുമാനിച്ചിട്ടുള്ളത്.
കേന്ദ്രസർക്കാരിന്റെ ബുദ്ധിശൂന്യമായ തീരുമാനം: ഡോ. മൻമോഹൻ സിംഗ് (മുൻ പ്രധാനമന്ത്രി)
ഒരു വർഷം മുമ്പ് കേന്ദ്രസർക്കാർ എടുത്ത ബുദ്ധിശൂന്യമായ തീരുമാനം ഇന്ത്യയിലെ ഓരോ പൗരനെയും ഗുരുതര സാമ്പത്തിക പ്രശ്നത്തിലെത്തിച്ചുവെന്നതാണ് യാഥാർഥ്യം. നവംബർ എട്ടിന് അർധരാത്രിയിൽ ക്രയവിക്രയത്തിലിരുന്ന കറൻസിയുടെ 90 ശതമാനത്തോളം നിരോധിച്ചത് മുന്നൊരുക്കം കൂടാതെ നടപ്പാക്കിയ അധികാര ദുർവിനിയോഗത്തിന്റെ പ്രകടമായ ഉദാഹരണമാണ്.
ആഘാതം എത്രമാത്രം ആഴത്തിലായിരിക്കുമെന്ന കൃത്യമായ ബോധ്യമില്ലാതെയായിരുന്നു നടപടി. വേണ്ടത്ര ആലോചനയില്ലാതെ നടപ്പാക്കിയ സാമ്പത്തികനയ തീരുമാനവുമായിരുന്നുവെന്നു വ്യക്തം. കള്ളപ്പണം ഇല്ലാതാക്കാനും കറൻസിരഹിത ഡിജിറ്റൽ ക്രയവിക്രയത്തിനുമായിരുന്നു കൊട്ടിഘോഷിച്ച സാമ്പത്തിക നടപടിയെങ്കിൽ ഇക്കാര്യത്തിൽ വിജയലക്ഷ്യം കാണുവാൻ നിർബന്ധിത നോട്ട്നിരോധനമായിരുന്നില്ല നല്ല മാർഗം. നോട്ടുനിരോധനം “മോശമായി നടപ്പാക്കിയ നല്ല ആശയം’ എന്ന വാദം ശരിയല്ല. അത് അടിസ്ഥാനപരമായി പൊള്ളയായ ആശയമായിരുന്നുവെന്നതാണ് ഫലം തെളിയിക്കുന്നത്.
ബുദ്ധിശൂന്യമായ ആ നടപടിയിലൂടെ വളരെ ഗുരുതരവും വ്യാപകവുമായ പ്രത്യാഘാതമാണ് രാജ്യത്ത് വരുത്തിവച്ചതെന്ന് ഒരു വർഷത്തിനു ശേഷം ഇപ്പോൾ മറയില്ലാതെ തെളിഞ്ഞിരിക്കുന്നു. ഈ പ്രത്യാഘാതം സാമ്പത്തികരംഗത്തു മാത്രമല്ല, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിലുംപ്രതിഫലിച്ചിരിക്കുന്നു. സാമ്പത്തിക ആഘാതം സാമ്പത്തിക സൂചികകളുടെ തകർച്ചയിലൂടെയും ജിഡിപി വളർച്ച പിന്നോട്ടടിച്ചതിലൂടെയും കൃത്യമായി പ്രതിഫലിച്ചിരിക്കുന്നു. നടപടി പ്രതികൂലമായി ബാധിച്ചതിന്റെ അളവ് തിട്ടപ്പെടുത്താവുന്നതിലും കൂടുതലാണ്. അല്ലെങ്കിൽത്തന്നെ ഇനിയതു തിട്ടപ്പെടുത്തിയിട്ട് വലിയ പ്രയോജനമൊട്ടില്ലതാനും. നോട്ടു നിരോധനത്തിലൂടെ രാജ്യത്തെ സമ്പദ്ഘടനയ്ക്ക് മാരകമായ മുറിവ് ഏല്പിക്കേണ്ടിയിരുന്നില്ല. ആ തീരുമാനം കൂട്ടായ ചർച്ചയുടെ ഫലമായിരുന്നില്ല, മറിച്ച് ഒറ്റയാൾ തീരുമാനമായിരുന്നുവെന്നു വേണം മനസിലാക്കാൻ. സമ്പദ്ഘടനയ്ക്കേറ്റ ക്ഷതം കുറച്ചു സാവധാനം പരിഹരിക്കപ്പെട്ടേക്കും.
പക്ഷേ, സാധാരണക്കാർക്കും ദുർബലജന വിഭാഗങ്ങൾക്കും വ്യാവസായിക മേഖലയ്ക്കും വരുത്തിവച്ച ഗുരുതരപ്രതിസന്ധി പെട്ടെന്നൊന്നും തീരില്ല. പ്രതിസന്ധി അപരിഹാര്യമായി കാലങ്ങളോളം നിലനിൽക്കുമ്പോൾ പരിഹാരത്തിന് കുറുക്കുവഴികളുണ്ടാവില്ലെന്നതാണു സത്യം. കടുത്ത സാമ്പത്തിക നിയന്ത്രണം നടപ്പാക്കിയതോടെ പാവപ്പെട്ടവരുടെയും ചെറുകിട കച്ചവടക്കാരുടെയും ജീവിതമാണ് വഴിമുട്ടിയത്. പെട്ടെന്ന് സമ്പത്ത് ഇല്ലാതാക്കപ്പെടുന്നത് പ്രതീക്ഷയും ആത്മവിശ്വാസവും തകർക്കും. നിരവധി സർവേകളിൽ കണ്ടെത്തിയത് വ്യവസായരംഗത്തെ പ്രതീക്ഷയും ആത്മവിശ്വാസവും കൂപ്പുകുത്തിയെന്നാണ്.
വിശാല സമ്പദ്ഘടനയ്ക്ക് അവശ്യം വേണ്ട ഘടകങ്ങൾ സ്ഥിരതയും ഉറപ്പുമാണ്. വ്യവസായവളർച്ചയ്ക്ക് അനിവാര്യമായ ഈ രണ്ടു ഘടകങ്ങളും നോട്ടു നിരോധനംവഴി തച്ചുടച്ചു. ഇന്ത്യയിൽ വ്യക്തികൾ തമ്മിൽ സാമ്പത്തിക അസമത്വം കുതിച്ചുയരുന്ന ഭീതിദമായ അവസ്ഥയിൽ, നോട്ട്നിരോധനം എരിതീയിൽ എണ്ണ ഒഴിക്കുന്നതിനു തുല്യമായി. തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അഭ്യസ്തവിദ്യരായ കോടിക്കണക്കിനു യുവാക്കൾ വരുമാനരഹിതരായി. വിരളമായ തൊഴിൽസാധ്യതകളേയുള്ളൂ എന്നതിനാൽ, പണം എന്നത് ഭൂരിപക്ഷത്തിനും കിട്ടാക്കനിയായിരിക്കുന്നു. കാർഷികേതര തൊഴിലുകളിൽ മുക്കാൽ പങ്കും ചെറുകിട, ഇടത്തരം നിർമാണ മേഖലകളിലാണ്. നോട്ടു നിരോധനത്തെത്തുടർന്ന് നിർമാണമേഖല അമ്പേ തകർന്നുപോയിരിക്കുന്നുവെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് തയാറാക്കിയ വിവരങ്ങൾ വ്യക്തമാക്കുന്നത്.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധി നമ്മെ ഉദ്ബോധിപ്പിച്ചത് ഇങ്ങനെ: നയപരമായ തീരുമാനങ്ങളെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, മനസിൽ തെളിയേണ്ടത്, “ഏറ്റവും പാവപ്പെട്ടവന്റെയും ദുർബലന്റെയും മുഖമാണ്.’ പക്ഷേ, നോട്ട്നിരോധനം ഗാന്ധിജി ഉദ്ദേശിച്ച വിഭാഗത്തെ, അതായത് ദുർബലരെയും പട്ടിണിപ്പാവങ്ങളെയും ദുരിതക്കയത്തിലേക്ക് തള്ളിവിട്ടുവെന്നത് ഇപ്പോൾ അവിതർക്കിതമാണ്. നോട്ടു നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ശുദ്ധമണ്ടത്തരമായിരുന്നു എന്നതും പകൽപോലെ ബോധ്യമായിക്കഴിഞ്ഞു. ഇനിയിപ്പോൾ ഈ പദ്മവ്യൂഹത്തിൽനിന്ന് ഇന്ത്യൻ സമ്പദ്ഘടനയെ പുറത്തെടുത്തു രക്ഷിക്കാൻ പ്രധാനമന്ത്രിയുടെ മുന്നിൽ ഒരേയൊരു മാർഗമേ അവശേഷിക്കുന്നുള്ളൂ: ചെയ്തുപോയത് മഹാമണ്ടത്തരമായിപ്പോയെന്ന് അംഗീകരിച്ച്, ഭാരതത്തിന്റെയും രാജ്യത്തെ യുവത്വത്തിന്റെയും നന്മയെക്കരുതി സാമ്പത്തികമേഖലയെ പുനർനിർമിക്കുന്നതിനായി എല്ലാവരുടെയും സഹകരണവും പിന്തുണയും തേടുക.
സാമ്പത്തികനില ഇപ്പോഴത്തെ പിന്നോക്കാവസ്ഥയിൽനിന്നു കരകയറിയേക്കാം. പക്ഷേ, സാമ്പത്തിക പുനരുദ്ധാരണം അനാരോഗ്യകരവും അസന്തുലിതവുമായേക്കുമെന്നതാണ് ആശങ്കയുയർത്തുന്നത്. പരമ്പരാഗതമേഖലയ്ക്ക് എന്നന്നേക്കുമായി ഏറ്റ തീവ്രക്ഷതം ഉപരിപ്ലവമായ സാമ്പത്തിക പുനരുദ്ധാരണ പരിപാടിയിലൂടെ പരിഹരിക്കാവുന്നതല്ല. അസമത്വവും തൊഴിലില്ലായ്മയുമാണ് നമ്മുടെ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന മുഖ്യ ഭീഷണി. ഇക്കാര്യം വിസ്മരിക്കുകയോ ഇതിനെ നേരിടുന്നതിൽനിന്നു വ്യതിചലിക്കുകയോ ചെയ്യരുതെന്നതാണ് ഏറെ പ്രധാനം.
നോട്ടുനിരോധന തീരുമാനത്തെ ന്യായീകരിക്കാനുള്ള തത്രപ്പാടിൽ നാടിനെ തകർക്കുന്ന പ്രവർത്തനങ്ങൾക്കു മുൻഗണന നൽകുന്നത് ആത്മഹത്യാപരമാണെന്നു മനസിലാക്കണം. കറൻസിരഹിത സാമ്പത്തിക ഇടപാടാണു ലക്ഷ്യമെന്ന് ആത്മാർഥതയില്ലാത്തതും യാഥാർഥ്യബോധമില്ലാത്തതുമായ വിശദീകരണങ്ങൾകൊണ്ട് മുമ്പു പറഞ്ഞ സാമ്പത്തിക ഭീഷണികൾ ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഞാൻ ഭയപ്പെടുന്നു. നോട്ടു നിരോധനത്തിന്റെ പേരിലുള്ള വാചകക്കസർത്തുകളും രാഷ്ട്രീയ ലാഭേച്ഛയും മാറ്റിവച്ച് സമത്വം സാധ്യമാക്കുന്നതിനും തൊഴിലില്ലായ്മ തുടച്ചുനീക്കുന്നതിനും കൈകോർക്കാം. നോട്ടുനിരോധനം മൂലമുണ്ടായ ബുദ്ധിമുട്ടുകളും പ്രതിസന്ധിയും തത്കാലം മാറ്റിവയ്ക്കാം. പക്ഷേ, നിയമസംവിധാനത്തിന്റെ സംസ്കാരവും അവയുടെ വിശ്വാസ്യതയും ചോർന്നുപോകുന്നുവെന്ന അപകടത്തെക്കുറിച്ച് ഞാൻ ഏറെ ഉത്കണ്ഠാകുലനാണ്. സ്ഥാപനത്തെയും സമവായത്തെയും മറികടന്നു തിടുക്കത്തിൽ തീരുമാനമെടുത്തു നടപ്പാക്കിയതാണ് നോട്ടുനിരോധനം. ഈ അവിശ്വസനീയ സംഭവം, പൊതുസമഹൂത്തിൽനിന്ന് വളരെയകലെ സുരക്ഷാവലയത്തിൽ ആരെയും വകവയ്ക്കാതെ കഴിയുന്ന ഭരണാധിപരുടെ ധാർഷ്ട്യത്തിന്റെ പ്രതിഫലനംകൂടിയാണ്.
ഇന്ത്യൻ റിസർവ് ബാങ്ക് ഇന്ത്യയുടെ സമ്പദ്ഘടനയിലെ പ്രമുഖ സ്ഥാപനമാണ്. വളരെ ശ്രദ്ധാപൂർവം വളർത്തിയെടുത്ത സ്വാതന്ത്ര്യവും വിശ്വാസ്യതയും റിസർവ് ബാങ്കിനുണ്ട്. നോട്ടുനിരോധനം നടപ്പാക്കാനുള്ള തീരുമാനം റിസർവ് ബാങ്കിന്റെ സ്വാതന്ത്ര്യത്തിലും അധികാരത്തിലുമുള്ള കടന്നാക്രമണമായിരുന്നു.
നോട്ടുനിരോധനം സംബന്ധിച്ച് അഭിപ്രായം പ്രകടിപ്പിക്കാനോ നിലപാട് അറിയിക്കാനോ റിസർവ് ബാങ്കിന് യാതൊരു അവസരവും നൽകിയില്ലെന്ന് കരുതേണ്ടിയിരിക്കുന്നു. തെറ്റു ചൂണ്ടിക്കാട്ടി അധിക്ഷേപിക്കാനല്ല, അനിവാര്യമായ സന്ദർഭങ്ങളിൽ ഇടപെട്ട് നിയന്ത്രണത്തിലൂടെയും നടപടികളിലൂടെയും അധികാരം നടപ്പാക്കാനുള്ള ഇന്ത്യയുടെ മഹത്തായ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ചു സൂചിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. റിസർവ് ബാങ്ക് ഗവർണറിൽ എനിക്ക് പരിപൂർണ വിശ്വാസമാണുള്ളത്. ശേഷിക്കുന്ന സേവനകാലഘട്ടത്തിൽ അദ്ദേഹം റിസർവ് ബാങ്കിന്റെ സത്യസന്ധതതയും വിശ്വാസ്യതയും വിശ്വസ്തതയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കും എന്നുതന്നെയാണ് എന്റെ വിശ്വാസം.
നോട്ടുനിരോധനം ദുരന്തം: രാഹുലിന്റെ മറുപടി ട്വിറ്ററില്
നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. ട്വിറ്ററിലാണ് രാഹുൽ നോട്ട് നിരോധനം പരാജയമാണെന്ന് കുറിച്ചത്. നോട്ട് നിരോധനം ഒരു ദുരന്തമായിരുന്നുവെന്ന് പറഞ്ഞ രാഹുൽ, പ്രധാനമന്ത്രിയുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി നൂറുകണക്കിന് ആളുകളുടെ ജീവിതവും ജീവിതമാർഗവും ഇല്ലാതാക്കിയെന്നും കുറ്റപ്പെടുത്തി. ഹിന്ദിയിൽ ട്വിറ്റ് ചെയ്ത പോസ്റ്റിനൊപ്പം ബാങ്കിലെ ക്യൂവിൽ നിന്ന് കരയുന്ന സാധാരണക്കാരന്റെ ചിത്രവും ചേർത്തിട്ടുണ്ട്.
ഇന്നു കരിദിനമായി ആചരിച്ചു പ്രതിഷേധം അറിയിക്കാനാണു കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരിക്കുന്നത്. ഇതിനു പ്രാരംഭമായി ഇരുപക്ഷത്തെയും പ്രമുഖരുടെ വാക്പോരാട്ടത്തിനു രാജ്യം ഇന്നലെ സാക്ഷിയായി. നോട്ട് നിരോധനത്തിന്റെ ഭവിഷ്യത്ത് കൃത്യമായി പ്രവചിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗാണു പ്രതിപക്ഷ ആക്രമണം നയിച്ചത്.
തിങ്കളാഴ്ച ബ്ലൂംബർഗ് വാർത്താ ഏജൻസിക്ക് അഭിമുഖം നല്കിയും ഇന്നലെ ചില ഇംഗ്ലീഷ് പത്രങ്ങളിൽ ലേഖനം എഴുതിയും സിംഗ് ഗവൺമെന്റിന്റെ നടപടിക്കെതിരേ ആഞ്ഞടിച്ചു. സർക്കാരിന്റെ വാദമുഖങ്ങൾ പിച്ചിച്ചീന്തുന്നതായിരുന്നു മൻമോഹന്റെ വാക്കുകൾ.
ഇന്നലെ രാവിലെതന്നെ ധനമന്ത്രി അരുൺ ജയ്റ്റ്ലി മറുപടിയുമായി ബ്ലോഗ് എഴുതി. 1843 വാക്കുകൾ ഉള്ള ബ്ലോഗിൽ മൻമോഹന്റെ കാലത്തെ അഴിമതികൾ ചൂണ്ടിക്കാട്ടിയും നയപരമായ തളർച്ചയെ അപഹസിച്ചുമാണ് ധനമന്ത്രി പ്രതിരോധവലയം തീർത്തത്. തങ്ങൾ ഉയർന്ന ധാർമിക നിലവാരം പുലർത്തുന്നതായും അവകാശപ്പെട്ടു.