അടൂർ: ഏനാദിമംഗലം പഞ്ചായത്തിലെ ക്വാറി മുതലാളിമാർക്ക് പിന്തുണ നൽകി നാടിനെ ഒറ്റിക്കൊടുത്ത രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടില്ല.
ഏനാദിമംഗലം പഞ്ചായത്തിലെ ഗിരിനിരകളെ വികസനത്തിന്റെ പേരുപറഞ്ഞ് തച്ചുതകർക്കാൻ ക്വാറി മുതലാളിമാർക്കൊപ്പം നിന്ന് ജനങ്ങളെ വഞ്ചിച്ച രാഷ്ട്രീയപാർട്ടികളുടെ നേതാക്കളോടുള്ള അമർഷം ഇലക്ഷൻ ആയതോടുകൂടി ഏനാദിമംഗലം പഞ്ചായത്തിലെ ജനങ്ങളിൽ പ്രകടമായി തുടങ്ങി.
ചായലോട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ 150ഓളം വീടുകളിൽ നാടിനെ ഒറ്റുകൊടുത്ത രാഷ്ട്രീയപാർട്ടി നേതാക്കൾ വോട്ടഭ്യർത്ഥിച്ച് വരണ്ട എന്ന പോസ്റ്റർ പതിച്ചു കഴിഞ്ഞു. പുലിമലപ്പാറ സമരത്തെ പിന്തുണച്ച രാഷ്ട്രീയ പാർട്ടികളെ വിസ്മരിക്കില്ലന്ന് സമരസമിതി സെക്രട്ടറി കെ.ജി രാജൻ പറഞ്ഞു 30.77 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിൽ 2001ലെ സെൻസസ് പ്രകാരം 20252 ജനങ്ങളാണ് ആകെയുള്ളത്.
ഇവർ ഏനാദിമംഗലത്തെ ഗിരിനിരകളെ ആശ്രയിച്ചാണ് കഴിഞ്ഞു വരുന്നത്. വിസ്തൃതി കുറഞ്ഞ ഈ പ്രദേശത്തെ നിലവിൽ നാല് ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ഒമ്പതോളം ക്വാറികൾ ഏനാദിമംഗലത്തെ മുഖ്യധാര രാഷ്ട്രീയ പാർട്ടി നേതാക്കളുടെ സഹായത്താൽ വിവിധ സ്ഥലങ്ങളിലായി ഖനനത്തിനായി ഊഴം കാത്തു കിടക്കുന്നു. പഞ്ചായത്തിലെ 15-ാം വാർഡിൽ ചായലോട് പുലിമലപാറ ഖനനത്തിനെതിരെ രണ്ട് മാസക്കാലമായി ജനങ്ങൾ രാപ്പകൽ സമരത്തിലാണ്.
അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പുലിമലപ്പാറയിലും സ്കിന്നർപുരം എസ്റ്റേറ്റിലും കിൻഫ്രാ വ്യവസായപാർക്കിലും ലൂക്കോസ്മുക്കിലും നാനാജതി മതസ്ഥരും ആരാധിക്കുന്ന ജില്ലയിലെ പ്രമുഖ ക്രിസ്ത്യൻ തീരത്താടനകേന്ദ്രമായ മരിതുമൂട് സെന്റ് ജൂഡ് ദേവാലയത്തിന്റെയും ഇന്ത്യൻ പെന്തിക്കോസ്ത് പള്ളിയ്ക്കും സമീപത്തായി ജനവാസ മേഖലകളിൽ രാഷ്ട്രീയ നേതാക്കളെ കൂട്ടുപിടിച്ച് ക്വാറി തുടങ്ങുവാൻ നൽകിയിരിക്കുന്ന അനുമതിപത്രങ്ങൾ ഉടൻ റദ്ദ് ചെയ്യണമെന്നും അല്ലാത്തപക്ഷം സമരം ശക്തിപ്പെടുത്തുമെന്നും നാട്ടുകാരും സമരസമിതി പ്രവർത്തകരും അറിയിച്ചു.പുലിമലപ്പാറയിൽ നടന്ന യോഗത്തിൽ സമരസമിതി കൺവീനർ പി.കെ.തോമസ്, കെ.ജി.രാജൻ, അജീഷ് ജോർജ്, ഷീനാരാജൻ, ലിസിഈപ്പൻ, സാമുവേൽമാത്യൂ, സാമുവേൽബേബിഎന്നിവർ സംസാരിച്ചു.