റിച്ചാർഡ് ജോസഫ്
സംസ്ഥാനത്ത് കുട്ടികളുടെ പ്രത്യേകിച്ച് കൗമാരക്കാരുടെ ആത്മഹത്യ ആശങ്കാജനകമായി വർധിക്കുന്നുവെന്ന് സർക്കാർ നിയോഗിച്ച സമതി കണ്ടെത്തിയിരുന്നു.
ആത്മഹത്യ ചെയ്യുന്നവരിൽ കൂടുതലും പെണ്‍കുട്ടികളാണെന്നും നിസാരപ്രശ്നങ്ങൾ പോലും നേരിടാൻ കുട്ടികൾക്കു കഴിയുന്നില്ലെന്നും സമിതി തയാറാക്കിയ റിപ്പോർട്ടിൽ വിശദമാക്കുന്നു.
കോവിഡ് മാഹാമാരിയെത്തുടർന്നുണ്ടായ ലോക്ഡൗണ്‍ സമയത്തു മാത്രം കേരളത്തിൽ 173 കുട്ടികളാണ് ആത്മഹത്യ ചെയ്തത്.
ഇതിൽ 90 പേരും പെണ്‍കുട്ടികളായിരുന്നു. ആത്മഹത്യ ചെയ്തവരിൽ 148 പേരും 15-18 വയസിനിടയിലുള്ളവരായിരുന്നു. ഇവരിലും പെൺകുട്ടികളാണ് കൂടുതൽ. 71 പേർ.
നിസാര പ്രശ്നങ്ങൾപോലും നേരിടാൻ കഴിയാത്ത മാനസികാവസ്ഥയിലേക്ക് എത്തുകയാണ് കുട്ടികളെന്നു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ലൈംഗികാതിക്രമം മുതൽ പ്രണയ നൈരാശ്യം വരെ ജീവനൊടുക്കാൻ പെണ്‍കുട്ടികളെ പേരിപ്പിക്കുന്നു. മാതാപിതാക്കൾ വഴക്കു പറഞ്ഞതിന് ആത്മഹത്യ ചെയ്തവരും കുറവല്ല.
കോവിഡ് കാലത്തെ ആത്മഹത്യകൾ
കോവിഡ് നിയന്ത്രണങ്ങൾ വന്ന ശേഷം കുട്ടികൾ വീടിനുള്ളിലായപ്പോഴാണ് ആത്മഹത്യ ഏറ്റവും അധികം വർധിച്ചത്.
വീടിനു പുറത്തേക്കു പോകാതെ വന്നപ്പോൾ കുട്ടികൾക്കുണ്ടായ മാനസിക പ്രശ്നങ്ങൾ, അതുമൂലം വീട്ടുകാരുമായുള്ള തർക്കം, വഴക്ക്, വാശി എന്നിവയെല്ലാം കുട്ടികളുടെ ആത്മഹത്യയ്ക്കു കാണമായി.
പരീക്ഷാ തോൽവി, അമിതമായ സ്ക്രീൻ ഉപയോഗം, ഓണ്‍ലൈൻ ഗെയിമുകൾ, പ്രണയ നൈരാശ്യം തുടങ്ങിയവയെല്ലാം ആത്മഹത്യയ്ക്കു കാണമായിട്ടുണ്ട്.
മലപ്പുറം, പാലക്കാട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം, വയനാട് ജില്ലകളിലാണ് കൗമാരക്കാരായ കുട്ടികളുടെ ആത്മഹത്യ കൂടുതലെന്നും റിപ്പോർട്ടിലുണ്ട്.
മാതാപിതാക്കൾക്കിടയിലെ പ്രശ്നങ്ങൾ, മാതാപിതാക്കളുടെ മദ്യ ഉപയോഗം, മതാപിതാക്കളുടെ വിവാഹമോചനം, കുടുംബാംഗങ്ങളിൽനിന്നുള്ള മാനസികവും ശാരീരികവുമായ പീഡനങ്ങൾ തുടങ്ങിയവയെല്ലാം കുട്ടികളുടെ ഇളം മനസുകളെ വേദനിപ്പിക്കുന്നുണ്ട്.
മിക്ക കുട്ടികളുടെയും ആത്മഹത്യയുടെ അടിസ്ഥാന കാരണം ആരോടൊക്കെയോ ഉള്ള പക തീർക്കലാണെന്ന നിഗമനത്തിലാണ് മനഃശാസ്ത്രജ്ഞർ എത്തിച്ചേർന്നിട്ടുള്ളത്.
കുട്ടികൾ പ്രശ്നങ്ങൾ അഭിമുഖീകരിച്ചു വളരട്ടെ
സുജിത് ബാബു (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, അസിസ്റ്റന്റ് പ്രഫസർ, മനശാസ്ത്ര വിഭാഗം, കേരള സർവകലാശാല)
മുതിർന്ന ആളുകളെപ്പോലെതന്നെ കുട്ടികളിലെയും ആത്മഹത്യകൾക്കു പല കാരണങ്ങളുണ്ട്. അതിന്റെ കാരണങ്ങൾ അപഗ്രഥിക്കുകയും പഠിക്കുകയും സമൂഹത്തിന് ഉപകാരമാകുന്ന തരത്തിൽ അത് മാറ്റിയെടുക്കുകയും വേണം.
ഒരു കുട്ടി ആത്മഹത്യ ചെയ്താൽ അതിന്റെ യഥാർഥ കാരണം കണ്ടെത്തുകയും സമൂഹത്തിൽ അത്തരം കാര്യങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.
യഥാസമയം കുട്ടികളുടെ ഓരോ പ്രശ്നങ്ങളും കണ്ടെത്തുകയും അവ പരിഹരിക്കുകയും ചെയ്യുന്നതിനു മാതാപിതാക്കൾക്കു കഴിയണം.
പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിനു കുട്ടികളെ പ്രാപ്തരാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ആത്മഹത്യാ പ്രവണതയുള്ള ഒരു കുട്ടി സാഹചര്യങ്ങൾ ഒരുമിച്ചുവന്നാൽ അത്മഹത്യ ചെയ്തെന്നു വരാം. ആ സാഹചര്യമാണ് നാം ഒഴിവാക്കേണ്ടത്.
ചെറുപ്പം മുതൽ കുട്ടികൾക്ക് നിരവധി പ്രശ്നങ്ങൾ ഉണ്ടാകും. അതിന് കുട്ടികളെകൊണ്ടുതന്നെ പരിഹാരം ഉണ്ടാക്കണം.
ചെറിയ പ്രശ്നങ്ങൾ പോലും അഭിമുഖീകരിക്കാതെ വളർന്നു വരുന്ന കുട്ടികൾക്കു ജീവിതം ദുഷ്കരമാകും. രക്ഷാകർത്താക്കളോട് എല്ലാം തുറന്നു പറയാനുള്ള അവസരം കുട്ടികൾക്ക് നൽകേണ്ടത് വളരെ അത്യാവശ്യമാണ്.