തിരുവനന്തപുരം: പാർലമെന്റിൽ താൻ ഉന്നയിച്ച ചോദ്യം സംബന്ധിച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നടത്തിയ വിമർശനത്തിന് പ്രതികരണവുമായി എൻ.കെ.പ്രേമചന്ദ്രൻ എംപി.
സിപിഎമ്മും സംസ്ഥാന സർക്കാരും കേന്ദ്രത്തിനെതിരെ ഉന്നയിച്ച ആരോപണം പാർലമെന്റിൽ കൊണ്ടുവന്ന ചോദ്യകർത്താവായ താനാണോ തെറ്റുകാരനെന്ന് എൻ.കെ.പ്രേമചന്ദ്രൻ ചോദിച്ചു.
പാർലമെന്റിലെ ലെ തന്റെ ചോദ്യത്തിന്റെ പേരിൽ ബാലഗോപാൽ തെറ്റിദ്ധാരണ പരത്തുകയാണെന്നും എൻ.കെ.പ്രേമചന്ദ്രൻ ഫേസ്ബുക്കിൽ പ്രതികരിച്ചു.
കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനോട് താൻ ഉന്നയിച്ച ചോദ്യം ജിഎസ്ടി വിഹിതത്തെ കുറിച്ച് മാത്രമായിരുന്നില്ല. ഐജിഎസ്ടിയിൽ കേരളത്തിന് 5000 കോടി നഷ്ടമാകുന്നു എന്ന എക്സപെൻഡിച്ചർ കമ്മിറ്റി റിപ്പോർട്ടാണ് തന്റെ ചോദ്യത്തിന് ആധാരമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
ജിഎസ്ടി കോമ്പൻസേഷൻ കേരളത്തിന് ലഭിക്കുന്നില്ല എന്ന വിഷയമാണ് ഞാൻ ഉന്നയിച്ചതു എന്ന തെറ്റായ കാര്യം പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നടത്തുന്നത്.
സംസ്ഥാനങ്ങളിൽ നടക്കുന്ന നോൺ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അടക്കമുള്ള അന്തർ സംസ്ഥാന വിൽപ്പനകളിൽ കൃത്യമായി ഫയലിംഗ് നടന്നാൽ മാത്രമേ കേന്ദ്ര സർക്കാർ ഐ ജി എസ് ടി പൂളിൽ നിന്നും സംസ്ഥാനത്തിന് അർഹമായ തുക ലഭിക്കുകയുള്ളു എന്നതാണ് വസ്തുത.
ഇതുകൊണ്ട് തന്നെയാണ് ഐ ജി എസ് ടി പൂളിൽ തുക അവശേഷിക്കുന്നതും അത് അഡ്ഹോക്ക് സെറ്റിൽമെന്റ് ആയി സംസ്ഥാനങ്ങൾക്ക് വീതം വച്ചു നൽകുന്നതും.
ഈ ഇനത്തിൽ കേന്ദ്രത്തിൽ നിന്നും കേരളത്തിനടക്കം ലഭിക്കേണ്ട കോടി കണക്കിന് രൂപ നഷ്ടമാകുന്നു എന്നതാണ് വസ്തുത. ഈ പശ്ചാത്തലത്തിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരമായാണ് കേന്ദ്ര ധനകാര്യ മന്ത്രി കേരളം 2017 മുതൽ അഞ്ചു വർഷമായി എ ജി സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ടുകൾ നൽകുന്നില്ല എന്ന് പറഞ്ഞിരിക്കുന്നത്.
സംസ്ഥാനങ്ങൾക്ക് ജി എസ് ടി കോമ്പൻസേഷൻ ലഭിക്കുന്നതിനുള്ള കാലപരിധി ദീർഘിപ്പിക്കണമെന്ന വിഷയം മൂല ചോദ്യത്തിന് മറുപടിയായി മന്ത്രി സഭയിൽ സ്പഷ്ടമായി വ്യക്തമാക്കിയതാണ്.
അതിനുശേഷമുള്ള എന്റെ ഉപചോദ്യത്തിനാണ് സംസ്ഥാന ഗവൺമെന്റിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചുകൊണ്ട് കേന്ദ്രമന്ത്രി സഭയിൽ മറുപടി പറഞ്ഞത്.
ഒരു കൺസ്യൂമർ സ്റ്റേറ്റ് ആയ കേരളത്തിനു ഏറ്റവും അനുയോജ്യമായ ജി എസ് ടിയിൽ നമുക്ക് 30 ശതമാനം വരെ വളർച്ച നേടാൻ സാധിക്കും എന്നതാണ് വസ്തുത.
മുൻ ധന മന്ത്രി തോമസ് ഐസക്കും ഇതേ അഭിപ്രായം നിരവധി തവണ പറഞ്ഞിട്ടുണ്ട്. എന്നാൽ കേരളം ഇതിൽ പൂർണമായും പരാജയപ്പെട്ടു.
ഇതിനായി ഓഡിറ്റ്, എൻഫോഴ്സ്മെന്റ്, ഇന്റലിജൻസ് അടക്കമുള്ളവ ശക്തമാക്കാൻ സർക്കാർ തയ്യാറാകണം -എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു.
ഐ ജി എസ് ടി (സംയോജിത ചരക്ക് സേവന നികുതി) ഇനത്തിൽ സംസ്ഥാനത്തിന് അർഹതപ്പെട്ട നികുതി ലഭ്യമായിട്ടുണ്ടോ ? ലഭ്യമായിട്ടില്ലെങ്കിൽ കാരണമെന്ത് ? അഞ്ചുവർഷത്തെ എ ജി അറ്റസ്റ്റഡ് ഓഡിറ്റ് സ്റ്റേറ്റ്മെൻറ് സർക്കാർ നൽകിയിട്ടുണ്ടോ? ഇല്ലെങ്കിൽ കാലതാമസത്തിനുള്ള കാരണമെന്ത് ?
ഐ ജി എസ് ടി ഇനത്തിൽ സംസ്ഥാന സർക്കാറിന് പ്രതിവർഷം 5000 കോടി രൂപയടെ ധനനഷ്ടം പ്രതിവർഷം ഉണ്ടായിട്ടുണ്ടെന്ന് എക്സ്പെന്റീച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട് നൽകിയിട്ടുണ്ടോ? ആ റിപ്പോർട്ട് നിയമസഭയിൽ ഹാജരാക്കാത്തതിന് കാരണമെന്ത്? എന്നീ ചോദ്യങ്ങളാണ് പ്രേമചന്ദ്രൻ ഉന്നയിക്കുന്നത്.
കേരളത്തിൽ ജിഎസ്ടി കുടിശിക ഇനത്തിൽ വലിയ തുക കിട്ടാനുണ്ടെന്നും അതുകൊണ്ടാണ് പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സെസ് ഏർപ്പെടുത്തിയത് എന്നുമുള്ള എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ചോദ്യം വസ്തുതാവിരുദ്ധമാണെന്നും തർക്കമില്ലാത്ത വിഷയങ്ങളിൽ തർക്കമുണ്ട് എന്ന് വരുത്തി യഥാർഥ പ്രശ്നങ്ങൾ മറച്ചു വയ്ക്കാനാണ് ഇത്തരം ചോദ്യങ്ങളിലൂടെ ചിലർ ശ്രമിക്കുന്നതെന്നും കഴിഞ്ഞ ദിവസം കെ.എൻ.ബാലഗോപാൽ ആരോപിച്ചിരുന്നു.