കോഴിക്കോട്: മതവിശ്വാസം ചൂഷണം ചെയ്ത് രാജ്യവ്യാപകമായി കോടികളുടെ തട്ടിപ്പു നടത്തിയ ഹീര ഗോള്‍ഡ് എക്സിമിന്റെ കെണിയില്‍ വീണത് ആയിരങ്ങള്‍. മതമേഖലയിലെ പ്രമുഖരുമായി അടുപ്പം സ്ഥാപിച്ച എം.ഡിയും ഹൈദരാബാദ് സ്വദേശിനിയുമായ നൗഹീര ഷെയ്ഖ് ഈ ഉന്നതബന്ധങ്ങളും തട്ടിപ്പിനുപയോഗിച്ചു. കോടികള്‍ മറിഞ്ഞ ഇടപാടില്‍ ഉള്‍പ്പെട്ടവരുടെ വ്യാപ്തി ഭീമമായതിനാല്‍ തുടരന്വേഷണം സംബന്ധിച്ചു ഡി.ജി.പിയാണു തീരുമാനമെടുക്കുകയെന്നു സിറ്റി പോലീസ് കമ്മിഷണര്‍ സഞ്ജയ്കുമാര്‍ ഗുരുഡിന്‍
കോഴിക്കോട് ഇടിയങ്ങരയിലുള്ള ഹീര ഗോള്‍ഡിന്റെ കെട്ടിടം അടച്ചുപൂട്ടി സീല്‍ ചെയ്തു. ക്രയവിക്രയങ്ങള്‍ വിലക്കി. ഗ്രൂപ്പിന്റെ പേരിലുള്ള കെട്ടിടം വില്‍ക്കാന്‍ അനുവദിക്കരുതെന്നു സബ് രജിസ്ട്രാര്‍ക്കു പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കള്ളപ്പണക്കാരും കണക്കില്‍ കവിഞ്ഞു സ്വത്തുള്ളവരുമടക്കം നിക്ഷേപകരായുണ്ട്. അതുകൊണ്ടുതന്നെ പോലീസില്‍ പരാതിപ്പെടാന്‍ ഇവരാരും തയാറല്ല. പോരാത്തതിന്, പരാതി നല്‍കിയാല്‍ നിക്ഷേപത്തുകപോലും കിട്ടില്ലെന്നു ഹീരയുടെ ഭീഷണി വീഡിയോയും പുറത്തുവന്നിരുന്നു.
രണ്ടു കോടി രൂപയ്ക്കു മേലുള്ള തട്ടിപ്പു കേസുകള്‍ ലോക്കല്‍ പോലീസ് കൈകാര്യം ചെയ്യേണ്ടെന്നു ഡി.ജി.പിയുടെ ഉത്തരവുള്ളതിനാലാണു തുടര്‍നടപടിക്കായി കമ്മീഷണര്‍ക്കു റിപ്പോര്‍ട്ടു നല്‍കിയതെന്നു ചെമ്മങ്ങാട് എസ്.ഐ എ.കെ ശ്രീകുമാര്‍ പറഞ്ഞു. കേരളത്തില്‍ മാത്രം പണം നഷ്ടപ്പെട്ടവര്‍ ആയിരത്തോളം വരും. പ്രതികളുടെ വേരുകള്‍ ഇതരസംസ്ഥാനങ്ങളിലായതിനാല്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ഡി.ജി.പി തലത്തില്‍ തീരുമാനമെടുത്തേക്കും.
കാസര്‍ഗോഡു മുതല്‍ പാലക്കാട്ടു വരെയുള്ള ഇടപാടുകള്‍ നിയന്ത്രിച്ചതു കോഴിക്കോട്ടെ ഓഫീസാണ്. 2012- ലാണ് ഇടിയങ്ങരയില്‍ കെട്ടിടവും സ്ഥലവും ഗ്രൂപ്പ് സ്വന്തമാക്കിയത്. മതവിശ്വാസത്തെ ഫലപ്രദമായി ഉപയോഗിച്ചു നിക്ഷേപകരെ വലയിലാക്കാന്‍ 2012-ന്റെ തുടക്കത്തില്‍ത്തന്നെ നൗഹീര ഷെയ്ഖ് കോഴിക്കോട്ട് എത്തി. മലബാര്‍ മേഖലയിലെ പ്രവാസി കുടുംബങ്ങളെയാണ് ഇവര്‍ ലക്ഷ്യമിട്ടത്. പലിശയ്ക്കു പകരം ബിസിനസില്‍ നിന്നുള്ള ലാഭം എന്നു പ്രചരിപ്പിച്ചതിനാല്‍ വന്‍ സ്വീകാര്യത ലഭിച്ചു. ഒരു ലക്ഷം രൂപയ്ക്കു മാസം 3000 രൂപവരെ ലാഭം നല്‍കുമെന്നായിരുന്നു വാഗ്ദാനം.
ആന്ധ്ര തിരുപ്പതിയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച നൗഹീര ആന്ധ്രയിലെ രാഷ്ര്ടീയ സാഹചര്യങ്ങളേയും ഫലപ്രദമായി ഉപയോഗിച്ചു. മുസ്ലിം എംപവര്‍ പാര്‍ട്ടി സ്ഥാപക, അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവര്‍ത്തക എന്നീ നിലകളിലും ബഹുമാന്യയായി. പ്രമുഖരുമൊത്തുള്ള ചടങ്ങുകള്‍, പ്രമുഖരില്‍നിന്നു കിട്ടിയ പുരസ്‌കാരങ്ങള്‍ എന്നിവയെല്ലാം ഇവര്‍ ഇരകളെ ആകര്‍ഷിക്കാന്‍ സമര്‍ഥമായി ഉപയോഗിച്ചു.
വലിയ ഈവന്റുകളുടെ സ്പോണ്‍സര്‍ എന്ന നിലയിലും രാഷ്ട്രീയ- സാമൂഹിക രംഗത്തും ഇവര്‍ ആദരണീയ പരിവേഷമണിഞ്ഞു. ഇതും പ്രചാരണത്തിനുപയോഗിച്ചു. സ്വര്‍ണം, വസ്ത്ര വ്യാപാരം, റിയല്‍ എസ്റ്റേറ്റ് അടക്കം നിരവധി സ്ഥാപനങ്ങളുടെ ഉടമയാണെന്നാണ് ഇവര്‍ ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ചതും. 70 ലക്ഷം രൂപ നഷ്ടപ്പെട്ട തലശേരി സ്വദേശി ചെമ്മങ്ങാട് പോലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് പരാതിയുമായി കൂടുതല്‍പ്പേര്‍ പോലീസിനെ സമീപിച്ചത്. വിക്കിപീഡിയ പേജില്‍ ഡോ.ആലിമ നൗഹീറ ഷെയ്ക്ക് എന്നാണ് നല്‍കിയിരിക്കുന്നത്.