ബെര്‍ലിന്‍: ജര്‍മന്‍ ഫുട്ബോള്‍ ടീമിനുള്ളില്‍ മെസ്യൂട്ട് ഓസിലിനെതിരേ വംശീയാധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് നായകന് മാനുവല്‍ നോയര്‍. എന്നാല്‍, ലോകകപ്പിലെ വന്‍ തോല്‍വി കളിക്കാര്‍ക്ക് പുറത്തേക്കുള്ള വഴിയൊരുക്കുന്നതിന് ഇടയാക്കിയെന്നും നോയര്‍ സമ്മതിച്ചു.
ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനില്‍ വംശീയാധിക്ഷേപം ഉയര്‍ത്തി കഴിഞ്ഞ മാസം ഓസില്‍ ദേശീയ ടീമില്‍നിന്നു വിരമിച്ചിരുന്നു. തുര്‍ക്കി വംശജനായ ഓസില്‍ മേയ് മാസം തുര്‍ക്കി പ്രസിഡന്റ് തയേപ് എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തുകയും അതിന്റെ ഫോട്ടോ പുറത്തുവിടുകയും ചെയ്തിരുന്നു. ഈ ഫോട്ടോ പുറത്തുവന്നപ്പോള്‍ ജര്‍മനിയോടുള്ള ഓസിലിന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്തു.
ലോകകപ്പിനു മുമ്പുള്ള സൗഹൃദ മത്സരങ്ങള്‍ക്ക് ഓസില്‍ ഇറങ്ങിയപ്പോള്‍ ജര്‍മനി ആരാധകര്‍ താരത്തിനുനേരെ കൂവിയിരുന്നു. ഗ്രൂപ്പ് ഘട്ടം കടക്കാതെ ജര്‍മനി പുറത്താകുകയും ചെയ്തതോടെ ഓസിലിന്റെ പ്രകടനത്തെ ആരാധകര്‍ ചോദ്യം ചെയ്തിരുന്നു.