തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി(എൻപിആർ) ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ സർക്കാർ നിർദേശം. ഇന്നലെ ജില്ലാ കളക്ടർമാർക്ക് അയച്ച അടിയന്തര സന്ദേശത്തിൽ പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.
സംസ്ഥാനത്തു ചിലയിടങ്ങളിൽ എൻപിആറുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് തഹസിൽദാർമാർ നോട്ടീസ് ഇറക്കിയ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ സർക്കാർ നിയന്ത്രണമേർപ്പെടുത്തി നിർദേശം നൽകിയത്. ദേശീയ ജനസംഖ്യാ രജിസ്റ്റർ സംബന്ധിച്ച (എൻപിആർ) എല്ലാ നടപടികളും സ്റ്റേ ചെയ്ത സർക്കാർ നടപടിയിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും കളക്ടർമാർക്ക് അയച്ച സന്ദേശത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം എൻപിആറുമായി ബന്ധപ്പെട്ട് സെൻസസ് കമ്മിഷണർ വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ നടക്കും. കേരളത്തിൽ നിന്ന് ചീഫ് സെക്രട്ടറി യോഗത്തിൽ പങ്കെടുക്കില്ല. പകരം പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ് യോഗത്തിൽ പങ്കെടുക്കുന്നത്. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കേരളം നിർത്തിവച്ച കാര്യം യോഗത്തിൽ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.