തിരുവനന്തപുരം: ഉന്നതി ഫയൽ കൈമാറ്റ വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരായ റിപ്പോർട്ട് വ്യാജമെന്ന് സസ്പെൻഷനിലായ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത്. തനിക്കെതിരേ അന്യായ റിപ്പോർട്ടുണ്ടാക്കിയെന്ന് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പ്രശാന്ത് പറഞ്ഞു.
അതേസമയം സസ്പെൻഷനിൽ തനിക്ക് വേദനയില്ലെന്നും എൻ. പ്രശാന്ത് കൂട്ടിച്ചേർത്തു. എ. ജയതിലകുമായി വ്യക്തി വിരോധമില്ല. ഫയലുകളെ കുറിച്ച് വ്യാജ റിപ്പോർട്ട് നൽകിയതിനാലാണ് താൻ ഇടപെട്ടത്. ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകൾ താൻ കൈമാറിയതിന് തെളിവുണ്ടെന്നും പ്രശാന്ത് പറഞ്ഞു.
സർക്കാർ ഫയലുകളിൽ കൃത്രിമം കാണിക്കുന്നത് അനുവദിയ്ക്കാനാവില്ല.കീഴുദ്യോഗസ്ഥരുടെ മേലെ കുതിര കയറുന്ന ഒരു പാട് ഉദ്യോഗസ്ഥരുണ്ട്. താൻ ആ വിഭാഗത്തിൽ ഉൾപ്പെടില്ല. കൃത്യമായി ജോലിയെടുത്താണ് മുന്നോട്ടുപോകുന്നത്. അതേസമയം സാമൂഹിക മാധ്യമത്തിൽ മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയ്ക്കെതിരായ കമന്റ് വേണ്ടായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുവെന്നും എൻ. പ്രശാന്ത് പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരേ വ്യക്തിപരമായ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്നാണ് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. പ്രശാന്ത് അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ ലംഘിച്ചുവെന്നും സസ്പെൻഷൻ ഉത്തരവിലുണ്ട്.