ഗോഹട്ടി: ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) രാജ്യം മുഴുവൻ ബാധകമാക്കണമെന്ന ആവശ്യവുമായി ബിജെപി. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ആസാമിൽ ദേശീയ പൗരത്വ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതിനു പിന്നാലെയാണു മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ആവശ്യം.
ഇന്ത്യ അനധികൃത കുടിയേറ്റക്കാരുടെ അഭയകേന്ദ്രമല്ല. ദേശീയ പൗരത്വ രജിസ്റ്റർ ആസാമിൽ മാത്രമല്ല, രാജ്യം മുഴുവൻ ബാധകമാക്കണം. ഇത് ബിജെപി മാറ്റിയെടുക്കും- ചൗഹാൻ പറഞ്ഞു. ആസാമിന്റെ കാര്യത്തിൽ പിഴവില്ലാത്ത ദേശീയ പൗരത്വ രജിസ്റ്ററാണോ എന്ന കാര്യത്തിൽ സുപ്രീംകോടതിയെ എല്ലാവരും വീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നുദിന സന്ദർശനത്തിനായി ആസാമിൽ എത്തിയപ്പോഴാണ് ചൗഹാൻ ദേശീയ പൗരത്വ രജിസ്റ്റർ രാജ്യം മുഴുവൻ ബാധകമാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ദേശീയ പൗരത്വ രജിസ്റ്റർ പുറത്തുവിടാനുള്ള ആസാം സർക്കാരിന്റെ തീരുമാനത്തെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു.