ന്യൂയോർക്ക്: ചിന്പാൻസി മനുഷ്യനാണോ? എന്ന ചോദ്യത്തിന് അന്തിമ തീരുമാനം ഇനി ന്യൂയോർക്ക് കോടതി പറയും. ടോമി, കിക്കൊ എന്ന പേരുകളുള്ള രണ്ടു ചിന്പാൻസികളെ കൂടുകളിൽ നിന്നും മോചിപ്പിച്ച് പുറത്ത് സ്വതന്ത്രമായി ജീവിക്കുവാൻ അനുവദിക്കണമെന്നാവശ്യപ്പട്ട് മാർച്ച് 16ന് മൻഹാട്ടൻ
സ്റ്റേറ്റ് അപ്പീൽ കോടതിയിൽ ഫ്ളോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന നോണ്‍ ഹ്യൂമണ്‍ റൈറ്റ്സ് പ്രോജക്ട് ആനിമൽ അഡ്വക്കസി ഗ്രൂപ്പ് അറ്റോർണി സ്റ്റീവൻ വൈസ് നടത്തിയ വാദമുഖങ്ങൾ കേട്ട കോടതി, കേസിൽ വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു.
നിയമരഹിതമായി തടവിൽ പാർപ്പിച്ചിരിക്കുന്ന ചിന്പാൻസികളെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അറ്റോർണി ദീർഘകാലമായി നടത്തി വരികയാണ്. പതിമൂന്ന് ഐലന്റുകളിൽ കഴിയുന്ന ചിന്പാൻസികളുമായി ഇവർക്ക് ജീവിക്കാൻ അവസരം ഒരുക്കി കൊടുക്കണമെന്നും അറ്റോർണി ആവശ്യപ്പെട്ടു. അഞ്ചംഗ ജഡ്ജിമാരുടെ പാനലാണ് കേസിൽ വിധി പ്രസ്താവിക്കുക.