ബെർലിൻ: രാജ്ഞിയുടെ ചിത്രം ആലേഖനം ചെയ്ത കൂറ്റൻ സ്വർണ നാണയം കളവ് പോയി. ഏകദേശം 26 കോടി രൂപ വിലവരുന്ന സ്വർണ നാണയമാണ് ജർമനിയിലെ മ്യൂസിയത്തിൽനിന്നും കളവ് പോയത്. ബിഗ് മാപ്പിൾ ലീഫ് എന്ന് അറിയപ്പെടുന്ന കനേഡിയൻ നാണയത്തിന്റെ മുഖവില 10 ലക്ഷം ഡോളറാണ്. 24 കാരറ്റ് ശുദ്ധ സ്വർണത്തിൽ തീർത്ത നാണയത്തിന് 100 കിലോ ഭാരമാണുള്ളത്.
ബെർലിനിലെ ബോഡെ മ്യൂസിയത്തിൽനിന്നാണ് നാണയം കളവ് പോയത്. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 3.30 നായിരിക്കാം കളവ് നടന്നതെന്നാണ് കരുതുന്നത്. വലിയ നാണയമായതിനാൽ ഒറ്റയ്ക്ക് ഒരാൾക്ക് കളവ് നടത്താൻ കഴിയില്ല. ഒന്നിലേറെപേർ മോഷണത്തിനു പിന്നിലുണ്ടാവാമെന്ന് സംശയിക്കുന്നു. മ്യൂസിയത്തിന്റെ ജനാലവഴിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. സമീപത്തെ ട്രെയിൻ പാളത്തിൽനിന്നും ഒരു ഏണി പോലീസുകാർക്ക് ലഭിച്ചിട്ടുണ്ട്. ഇത് മോഷ്ടാക്കൾ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാണെന്നാണ് കരുതുന്നത്.