ഓസ്ട്രേലിയയിൽ ഏതാനും ദിവസം മുന്പ് വരുത്തിയ വീസ നിയമ മാറ്റങ്ങൾ കേരളീയരെ ഏറെ പ്രതികൂലമായി ബാധിക്കുമെന്നും ഇവിടേക്ക് കുടിയേറ്റം തന്നെ അസാധ്യമാകുമെന്നുമുള്ള പ്രചാരണം വ്യാപകമാണ്. അത്തരത്തിലുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ല.
എന്നാൽ, ഓസ്ട്രേലിയ നൽകിവന്നിരുന്ന സബ് ക്ലാസ് 457 തൊഴിൽ വീസയിലാണ് കാര്യമായ മാറ്റങ്ങൾ. ഈ മാറ്റങ്ങൾക്കു കാരണമായി സർക്കാർ പറയുന്ന കാര്യങ്ങൾ യുക്തിസഹമാണോ എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. തികച്ചും രാഷ്ട്രീയമായ കാരണങ്ങൾ ഈ തീരുമാനത്തിനു പിന്നിലുണ്ട് എന്നതു വസ്തുതയാണ്.
സബ് ക്ലാസ് 457 വീസ 1996ൽ നിലവിൽ വന്നതാണ്. 2018 മാർച്ച് വരെ ഇതു തുടരും. തുടർന്നു പകരമായി ടെംപററി സ്കിൽസ് ഷോർട്ടേജ് (ടിഎസ്എസ്) എന്ന പുതിയ വീസ വരും. ഈ വീസ ലഭിക്കുന്നതിനു നിലവിലുള്ള 651 തൊഴിലുകളുടെ പട്ടിക 435 തൊഴിലുകൾ അടങ്ങിയതായി പരിമിതപ്പെടുത്തും എന്നതാണു പ്രധാന മാറ്റം. മറ്റൊരു നിബന്ധന ഈ വീസയ്ക്ക് അപേക്ഷിക്കുന്നവർക്ക് ആ തൊഴിലിൽ രണ്ടുവർഷത്തെ മുൻ പരിചയം ഉണ്ടായിരിക്കണം എന്നതാണ്. ഒപ്പം ചില തൊഴിലുകളിൽപ്പെട്ടവരെ പരമാവധി നാലു വർഷം വരെ മാത്രമേ ഓസ്ട്രേലിയയിൽ തുടരാൻ അനുവദിക്കൂ. എന്നാൽ, വൈദഗ് ധ്യം കൂടുതൽവേണ്ട തൊഴിലിൽപ്പെടുന്നവർക്ക് ഇതു ബാധകമാകില്ലെന്നു മാത്രമല്ല, അവർക്കു സ്ഥിരതാമസത്തിന് അർഹതയുമുണ്ടാകും.
മാറ്റങ്ങൾ, മലയാളികളേയും പൊതുവേ ഇന്ത്യക്കാരേയും വലിയ തോതിൽ ബാധിക്കാൻ ഇടയാക്കില്ലെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. കാരണം, ഇന്ത്യൻ വംശജരുടെയും പൊതുവേ മലയാളി അപേക്ഷകരുടെയും തൊഴിൽ മേഖലകൾ ഈ വീസ ലഭിക്കുന്നതിന് ആവശ്യമായ തൊഴിൽപട്ടികയിൽ ഇടം തേടിയിട്ടുണ്ട്. പ്രധാനമായും ഐടി, ഹോസ്പിറ്റാലിറ്റി, മെഡിക്കൽ മേഖലകളിലേക്കാണ് നമ്മുടെ നാടുകളിൽനിന്നു തൊഴിൽ തേടിയെത്തുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കൂടുതൽ 457 വിസ അനുവദിക്കപ്പെട്ടതും ഈ മേഖലകളിലാണ്. അതുകൊണ്ട് തന്നെ അതിന്റെ പ്രധാന ഗുണഭോക്താക്കൾ മ ലയാളികൾ ഉൾപ്പെടെ ഉള്ളവരായിരുന്നു. ഐടി മേഖലയിലെ എൻജിനിയർമാർ, സോഫ്റ്റ്വെയർആപ്ലിക്കേഷൻ പ്രോഗ്രാമർമാർ, ബിസിനസ് അനലിസ്റ്റുകൾ, സിസ്റ്റം അനലിസ്റ്റുകൾ എന്നിവരെ തീരുമാനം പ്രതികൂലമായി ബാധിക്കില്ലെന്ന് വിലയിരുത്തപ്പെടുന്നു. ഈ മേഖലയിൽ നീക്കം ചെയ്യപ്പെട്ടതു വെബ് ഡെവലപ്മെന്റ്, സപ്പോർട്ട് ടെക്നീഷൻ എന്നീ തൊഴിലുകൾ മാത്രമാണ്.
ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രധാന തൊഴിലുകളായ റസ്റ്ററന്റ് മാനേജർ, ഷെഫ്, കുക്ക് എന്നീ തൊഴിലുകൾ പുതിയ പട്ടികയിലും നിലനിർത്തിയിട്ടുണ്ട്. എന്നാൽ, വീസകൾ ലഭിക്കുന്നതിനുവേണ്ട നിബന്ധനകൾ കാലോചിതമായി പരിഷ്കരിച്ചിട്ടുണ്ട്. പൊതുവേ ചൂഷണങ്ങളും അനഭിലഷണീയ പ്രവണതകളും ഒഴിവാക്കാനുള്ള നിയന്ത്രണങ്ങളാണു വരുത്തിയിട്ടുള്ളത്.
ആരോഗ്യ മേഖലയിൽ ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്ക് യാതൊരു തടസവും ഈ മാറ്റങ്ങൾ കൊണ്ട് ഉണ്ടാകില്ല. രണ്ടുവർഷത്തെ മുൻപരിചയമെന്ന നിബന്ധന മാത്രമാണ് അവരെ ബാധിക്കുക. എന്നാല്, ഓസ്ട്രേലിയയിലേക്കു വരുന്നവർക്കു നാട്ടിൽ കുറേ കാലത്തെ തൊഴിൽ പരിചയം ഉണ്ടാകും.അക്കൗണ്ടന്റ്, കസ്റ്റമർ സർവീസ് മാനേജർ, സെയിൽസ്മാർക്കറ്റിംഗ് മാനേജർ എന്നീ വിഭാഗങ്ങളിൽപ്പെട്ട് ഓസ്ട്രേലിയയിൽ എത്തുന്ന ഇന്ത്യക്കാരുടെ എണ്ണവും ചെറുതല്ല. ഇവർ യോഗ്യതയും തൊഴിൽ പരിചയവും ഉള്ളവരാണെന്ന് ഉറപ്പുവരുത്താൻ ചില അധിക നിബന്ധനകൾ ഇപ്പോൾ കൊണ്ടുവന്നിട്ടുണ്ട്.
പൊതുവേ ആരോഗ്യരംഗത്തെ ഉദ്യോഗാർഥികൾക്കും ഐടി മേഖലയിലുള്ളവർക്കും എൻജിനിയർമാർക്കും ഇപ്പോഴും ഓസ്ട്രേലിയയിൽ തൊഴിൽ തേടിയെത്താനും സ്ഥിരതാമസമുറപ്പാക്കാനും ഏറെ അവസരങ്ങൾ ഉണ്ടെന്നതാണ് വസ്തുത. ഒപ്പം ഓർക്കേണ്ട വസ്തുത, 457 വീസയിലൂടെ വരുന്ന ഇന്ത്യക്കാരേക്കാൾ പതിൻമടങ്ങ് ഇന്ത്യൻ വംശജർ മറ്റു വീസകളിലൂടെ ഓസ്ട്രേലിയയിൽ എത്തുകയും തൊഴിൽ നേടുകയും സ്ഥിരതാമസമാക്കുകയും ചെയ്യുന്നുണ്ട് എന്നതാണ്. ഓസ്ട്രേലിയൻ തൊഴിൽ സേനയിലെ പത്തു ശതമാനത്തിൽ താഴെ മാത്രമേ 457 വീസയിലൂടെ എത്തുന്നുള്ളു. 12 ലക്ഷം അംഗങ്ങളുള്ള തൊഴിൽസേനയിൽ കേവലം 96,000 മാത്രമേ ഈ വിഭാഗത്തിലുള്ളു. അതിൽ തന്നെ ഏകദേശം 8500 പേരെയേ ഇപ്പോഴത്തെ തീരുമാനങ്ങൾ നേരിട്ടു ബാധിക്കുകയുള്ളു.
പ്രതാപ് ലക്ഷ്മണൻ (ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ കുടിയേറ്റ കൺസൾട്ടന്റ് ആണ് ലേഖകൻ)