ന്യൂയോർക്ക്: തീപിടിച്ച കാറിൽ സുഹൃത്ത് ഉപേക്ഷിച്ച ഇന്ത്യൻ വംശജ വെന്തുമരിച്ച സംഭവത്തിൽ വാഹനം ഓടിച്ച ഡ്രൈവർക്കെതിരേ കൊലക്കുറ്റത്തിനു കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനി ഹർലീൻ ഗ്രെവാളിന്റെ മരണത്തിലാണു പോലീസ് നടപടി. ഈ മാസം 14ന് ന്യുയോർക്കിലുണ്ടായ അപകടത്തിലാണു ഹർലീൻ കാറിൽ വെന്തുമരിച്ചത്.
സുഹൃത്ത് സയീദ് ഓടിച്ച കാർ ഡിവൈഡറിലിടിച്ച് തീപിടിക്കുകയായിരുന്നു. കത്തുന്ന കാറിൽനിന്നു പുറത്തിറങ്ങിയ സയീദ് ടാക്സി പിടിച്ച് ആശുപത്രിയിലെത്തി ചികിത്സ തേടി. ഇയാളെ പോലീസ് പിന്നീട് പിടികൂടി. പഞ്ചാബിൽനിന്നു കുടിയേറിയ ദന്പതികളുടെ മകളാണു ഹർലീൻ.
കൈക്കും മുഖത്തും നിസാര പരിക്കേറ്റ സയിദ് ഹർലീനെ രക്ഷപ്പെടുത്താൻ ശ്രമിച്ചില്ലെന്നാണു പോലീസ് കേസ്. കുറ്റം തെളിയുകയാണെങ്കിൽ 12 മുതൽ 25 വർഷം വരെ ഇയാൾക്കു തടവുശിക്ഷ ലഭിച്ചേക്കും. ജനുവരി 12 ന് കോടതിയിൽ ഹാജരാകാനാണ് സയിദിനോടു കോടതി നിർദേശിച്ചിട്ടുള്ളത്.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്