റിയോ ഡി ജനീറോ: മകളുടെ വേഷമണിഞ്ഞ് ജയിലിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച ഗുണ്ടാത്തലവൻ ക്ലോവിനോ ഡ സിൽവ പിടിയിൽ. മകളുടെ മുഖംമൂടിയും വിഗ്ഗും ജീൻസും വസ്ത്രങ്ങളും ധരിച്ച് മുങ്ങാനായിരുന്നു ശ്രമം. എന്നാൽ ജയിലിൽ നിന്നു നടന്നു പുറത്തിറങ്ങിയതും അധികൃതർ പിടികൂടി. അയാളുടെ മുഖത്തെ പരിഭ്രാന്തി പിടിക്കപ്പെടാന്‍ കാരണമായെന്നും അധികൃതര്‍ പറഞ്ഞു.
റിയോ ഡി ജനീറോയിലെ ജയിലിൽ 73 വർഷം തടവുശിക്ഷ അനുഭവിക്കുകയാണ് ഡ സിൽവ. ശനിയാഴ്ച മകള്‍ ജയിലില്‍ ഇയാളെ സന്ദര്‍ശിക്കാൻ എത്തിയിരുന്നു. മകളെ ജയിലിൽ നിർത്തിയ ശേഷം പ്രധാന കവാടം കടന്നു മുന്നോട്ടുനീങ്ങവേ ജയിൽ അധികൃതരുടെ പിടിവീണു. ഡ സില്‍വ വിഗ്ഗും മുഖംമൂടിയും വസ്ത്രങ്ങളും മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ജയില്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.
പ്രധാന ക്രിമിനല്‍ ഗ്രൂപ്പുകളിലൊന്നായ റെഡ് കമാന്റിലെ അംഗമാണ് ഡ സില്‍വ. ഇയാളെ ജെറിസിനോ ജയിലിൽ നിന്ന് അതിസുരക്ഷാ ജയിലിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു.