ലണ്ടൻ: ക്രിസ്മസ് ദിനത്തിൽ ഇന്ത്യൻ വംശജയായ ഭാര്യയെ കുത്തിക്കൊന്ന യുവാവിന് ബ്രിട്ടനിൽ ജീവപര്യന്തം തടവ്. ലോറൻസ് ബ്രാൻഡ് എന്നയാൾക്കാണ് റീഡിംഗ് ക്രൗസ് കോടതി ശിക്ഷ വിധിച്ചത്. ഭാര്യ എയ്ഞ്ചല മിത്തലിന്റെ കൊലപാതകത്തിലാണു ശിക്ഷ.
2018-ലെ ക്രിസ്മസ് ദിനത്തിലാണ് എയ്ഞ്ചല കൊല്ലപ്പെടുന്നത്. കഴുത്തിലും നെഞ്ചിലുമായി 59 തവണ എയ്ഞ്ചലയെ ലോറൻസ് കുത്തി. സംഭവം നടന്ന ബെർക്ഷെയറിലെ വീട്ടിൽലെ കിടപ്പുമുറിയിൽതന്നെ എയ്ഞ്ചല മരിച്ചു. കുത്തുന്നതിനെ ഒരു കത്തി ഒടിഞ്ഞുപോയതിനെ തുടർന്ന് മറ്റൊരു കത്തി കണ്ടെടുത്ത് ഇയാൾ ഭാര്യയെ കുത്തുകയായിരുന്നു.
വിവാഹമോചനം ആവശ്യപ്പെട്ടതിനാണ് എയ്ഞ്ചലയെ ലോറൻസ് കൊലപ്പെടുത്തിയത് എന്നാണു പോലീസ് പറയുന്നത്. ഉറങ്ങിക്കിടക്കവെയാണ് ഇയാൾ ഭാര്യയെ അടുക്കളയിലുപയോഗിക്കുന്ന കത്തിയുപയോഗിച്ച് തുടരെ തുടരെ കുത്തിയത്. ഇതിനുശേഷം പോലീസിൽ വിവരമറിയിച്ചു.
വർഷങ്ങളായി ലോറസ് ശാരീരികമായും മാനസികമായും എയ്ഞ്ചലയെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും, ഇതേുടർന്നാണ് അവർ വിവാഹമോചനം ആവശ്യപ്പെട്ടതെന്നും ശിക്ഷ വിധിച്ചുകൊണ്ട് കോടതി പറഞ്ഞു. 2006-ൽ ഹോളണ്ടിലെ റോട്ടർഡാമിൽവെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഒരു കുഞ്ഞിന്റെ അമ്മ കൂടിയായിരുന്നു എയ്ഞ്ചല.