തണുപ്പിന്റെ കാഠിന്യം: ജര്‍മനിയില്‍ കുറുക്കന്‍ ഐസ് കട്ടയായി

2017jan14kurukan

ബെര്‍ലിന്‍: ശൈത്യത്തിലെ തണുത്തുറയുന്ന മഞ്ഞു കാലാവസ്ഥയില്‍ ജര്‍മനിയില്‍ ഉലാത്താനിറങ്ങിയ കുറുക്കന്‍ മരവിച്ച് ഐസ് കട്ടയായി. ജര്‍മനിയിലെ ബാഡന്‍ വ്യുര്‍ട്ടംബര്‍ഗിലെ ഫ്രീഡിംഗന്‍ നിവാസിയായ ഫ്രാന്‍സ് ജോഹാനസ് സ്റ്റീലെ എന്ന വേട്ടക്കാരനാണ് ഡാന്യൂബ് നദിയില്‍ ശീതീകരിച്ച നിലയില്‍ കണ്ടെത്തിയ കുറുക്കന്റെ ഫോട്ടോ പുറംലോകത്തെ അറിയിച്ചത്.

തെക്കന്‍ ജര്‍മനിയിലെ ഡാന്യൂബ് നദിയില്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീണ കുറുക്കനാണ് നദിയിലെ വെള്ളം തണുത്തുറഞ്ഞ് മഞ്ഞുപാളിക്കുള്ളില്‍ അകപ്പെട്ടു ഐസ് കട്ടയായത്. നദിയിലെ വെള്ളം തണുത്തുറഞ്ഞു ഐസ്പാളിയായി മുകളില്‍ കിടക്കുന്നതിനിടയിലാണ് കുറക്കന്‍ ദൃശ്യമായത്.

പൂര്‍ണമായും തണുത്തുറഞ്ഞ നദിയില്‍നിന്നു കുറുക്കന്‍ കുടുങ്ങിയ ഭാഗം ഫ്രാന്‍സ് സ്‌റ്റെല്‍ വെട്ടിയെടുത്തു തണുത്തുറഞ്ഞ കുറുക്കനെ തന്റെ ഉടമസ്ഥതയിലുള്ള ഹന്റിംഗ് ഹൗസിന്റെ മുന്നില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുകയാണ് സ്റ്റീലെ. ശൈത്യത്തിന്റെ ഭീകരതയെക്കുറിച്ചും നദികളില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും ജലപാതകളുടെ അരികിലൂടെ നടക്കുമ്പോള്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കാനായിട്ടാണ് പ്രദര്‍ശിക്കുന്നതെന്നും സ്റ്റീലെ പറഞ്ഞു. കഴിഞ്ഞ 40 വര്‍ഷത്തിനുള്ള ഇത്തരമൊരു ദൃശ്യം ആദ്യമായാണ് താന്‍ കാണുന്നതെന്നും മാധ്യമങ്ങള്‍ക്കു നല്‍കിയ വിശദീകരണത്തില്‍ സ്റ്റീലേ പറഞ്ഞു.

മൈനസ് 30 ഡിഗ്രി വരെ താഴ്ന്ന നിലയിലാണ് മധ്യയൂറോപ്പിലെ ഇപ്പോഴത്തെ താപനില. അതുകൊണ്ടുതന്നെ ഡാന്യൂബ് നദിയിലെ ജലം ഐസായി മാറിയതിനെ തുടര്‍ന്ന് 565 മൈല്‍ ദൂരത്തെ ജലഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. യൂറോപ്പിലാകമാനം അനുഭവപ്പെടുന്ന അതിശൈത്യത്തിന്റെ ഭീകരത വീണ്ടും വര്‍ധിച്ചേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts